ബംഗാളിൽ മന്ത്രിസഭാ വികസനം നാളെ; 35 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

ബംഗാളിൽ മന്ത്രിസഭാ വികസനം നാളെ; 35 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും


കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദുഅധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വിപുലീകരിക്കും. 35 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

കൊൽക്കത്തയിലെ നബന്നയിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സംസ്ഥാന ജനത നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ പൂർണ മന്ത്രിസഭ രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. 
മൂന്ന് ആഴ്ച മുമ്പ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പരിമിത അംഗങ്ങളോടെയായിരുന്നു മന്ത്രിസഭ പ്രവർത്തിച്ചിരുന്നത്. പുതിയ വികസനത്തോടെ ഭരണസംവിധാനത്തിന് കൂടുതൽ ശക്തിയും വകുപ്പുകളുടെ കാര്യക്ഷമമായ വിഭജനവും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മന്ത്രിസഭാ വികസനത്തിൽ ബിജെപിയിലെ മുതിർന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സത്യപ്രതിജ്ഞയ്ക്ക് ശേഷമുണ്ടാകുമെന്നാണ് വിവരം. 

ഇതിനിടെ, സ്ഥാപനങ്ങളിലെ അഴിമതിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച രണ്ട് കമ്മിഷനുകളും ജൂൺ ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കും. വിരമിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബിശ്വജിത് ബസു, ജസ്റ്റിസ് സമാപ്തി ചാറ്റർജി എന്നിവരാണ് കമ്മിഷനുകൾക്ക് നേതൃത്വം നൽകുക. 
അഴിമതിക്കെതിരെയും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ വികസനവും പുതിയ കമ്മിഷനുകളുടെ പ്രവർത്തനവും സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.