സംഗീത ലോകത്തിന് നഷ്ടം: എസ് പി വെങ്കിടേഷ് അന്തരിച്ചു

സംഗീത ലോകത്തിന് നഷ്ടം: എസ് പി വെങ്കിടേഷ് അന്തരിച്ചു


ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖനായ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1980-90 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു എസ് പി വെങ്കിടേഷ്. 150ലധികം ചിത്രങ്ങൾക്ക് സംഗീതം പകർന്ന അദ്ദേഹം മോഹൻലാലിന്റെ ഹിറ്റ് ചിത്രം രാജാവിന്റെ മകൻ വഴിയാണ് മലയാള സിനിമയിലേക്ക് എത്തിയത്. കിലുക്കം, മിന്നാരം, ജോണി വാക്കർ, കൗരവർ, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്‌ലർ, ദേവാസുരം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്.

പൈതൃകം എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെയും അദ്ദേഹം തന്റെ മികവ് തെളിയിച്ചു. മലയാള സിനിമയിലെ ഗൃഹാതുരത്വം നിറഞ്ഞ നിരവധി ഗാനങ്ങൾ എസ് പി വെങ്കിടേഷിന്റെ സംഭാവനകളാണ്. 'ശാന്തമീ രാത്രിയിൽ' പോലുള്ള ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയായി തുടരുന്നു.

1968 മുതൽ വിവിധ ഭാഷകളിലെ സിനിമകളുടെ ഓർക്കസ്ട്രയിൽ പ്രവർത്തിച്ച അദ്ദേഹം, 1971ൽ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പം സിനിമാരംഗത്ത് സജീവമായി. 1980കളുടെ തുടക്കത്തിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി മാറുന്നത്. 1983ൽ മലയാളത്തിലേക്ക് പ്രവേശിച്ച അദ്ദേഹം തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി ശ്രദ്ധ നേടി. രാഘവൻ മാസ്റ്ററിനൊപ്പവുംം പ്രവർത്തിച്ചിട്ടുണ്ട്.

90കളിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ പരാജയപ്പെട്ടവ വിരളമായിരുന്നുവെന്നതാണ് സംഗീത ലോകത്തിന്റെ വിലയിരുത്തൽ.