ജന്തർ മന്തർ പ്രതിഷേധം: സാധാരണ വേഷത്തിലെ പൊലീസിനെതിരെ വിവാദം; ഇനി ഡ്യൂട്ടിക്ക് യൂണിഫോം നിർബന്ധമെന്ന് ഡൽഹി പൊലീസ്

ജന്തർ മന്തർ പ്രതിഷേധം: സാധാരണ വേഷത്തിലെ പൊലീസിനെതിരെ വിവാദം; ഇനി ഡ്യൂട്ടിക്ക് യൂണിഫോം നിർബന്ധമെന്ന് ഡൽഹി പൊലീസ്


ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ സാധാരണ വേഷത്തിലെ ആളുകൾ ലാത്തിയുമായി പ്രതിഷേധക്കാർക്കെതിരെ ബലം പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് പുതിയ നിർദേശം പുറത്തിറക്കി. പ്രതിഷേധ നിയന്ത്രണത്തിനായി നിയോഗിക്കുന്ന എല്ലാ പൊലീസുകാരും ഇനി മുതൽ യൂണിഫോമിൽ മാത്രമേ ഡ്യൂട്ടിക്ക് എത്താവൂവെന്നാണ് ആഭ്യന്തര നിർദേശം.

നീറ്റ്‌യുജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. ലാത്തിച്ചാർജിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ ഇപ്പോഴും ജന്തർ മന്തറിൽ സമരം തുടരുകയാണ്.

സംഘർഷത്തിനിടെ സാധാരണ വേഷം ധരിച്ച ചിലർ പൊലീസ് ലാത്തിയുമായി പ്രതിഷേധക്കാരെ മർദിക്കുന്നതും ചില യൂണിഫോം ധരിച്ച പൊലീസുകാർ പേരെഴുതിയ പ്ലേറ്റ് ഇല്ലാതെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും കാണിക്കുന്ന ദൃശ്യങ്ങൾ വലിയ വിമർശനത്തിനിടയാക്കി. പ്രതിഷേധ നിയന്ത്രണത്തിനായി സാധാരണ വേഷത്തിലുള്ളവരെ നിയോഗിച്ചിരന്നോ എന്ന ചോദ്യവും ഉയർന്നു.

ഇതിനെ തുടർന്നാണ് ഡൽഹി പൊലീസ് ആസ്ഥാനത്ത് നിന്ന് എല്ലാ യൂണിറ്റുകൾക്കും പുതിയ നിർദേശം നൽകിയത്. ജന്തർ മന്തറിൽ ഡ്യൂട്ടിക്കെത്തുന്ന മുഴുവൻ പൊലീസുകാരും യൂണിഫോം ധരിച്ചിരിക്കണമെന്നാണ് നിർദേശം. എന്നാൽ സാധാരണ വേഷത്തിലുള്ളവർ പൊലീസ് ലാത്തി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഡൽഹി പൊലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

അതേസമയം, സുരക്ഷാ ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തതിനാലാണ് 'പരിമിതമായ ബലം' പ്രയോഗിക്കേണ്ടിവന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. ടോൾസ്റ്റോയ് മാർഗ്, സൻസദ് മാർഗ്, ട്രാൻസ്‌പോർട്ട് ഭവൻ എന്നിവിടങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറികടന്നതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. സൻസദ് മാർഗ്, റെയിൽ ഭവൻ റൗണ്ടബൗട്ട്, ജന്തർ മന്തർ, കണോട്ട് പ്ലേസ്ജനപഥ് മേഖലകൾ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുകൾ ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സാധാരണ വേഷത്തിൽ ലാത്തിയുമായി എത്തിയവരുടെ പങ്കിനെ ചോദ്യം ചെയ്തു. 'സാധാരണ വേഷത്തിൽ ലാത്തിയുമായി എത്തിയ ഈ ആളുകൾ ആരാണ്? ഞങ്ങളെ മർദിക്കാൻ ആരെയാണ് നിയോഗിച്ചത്?' എന്നാണ് പാർട്ടി സമൂഹമാധ്യമത്തിലൂടെ ചോദിച്ചത്.

സംഭവം പൊലീസിന്റെ ജനക്കൂട്ട നിയന്ത്രണ നടപടികളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. രഹസ്യാന്വേഷണത്തിനും പ്രത്യേക ദൗത്യങ്ങൾക്കുമായി സാധാരണ വേഷത്തിലുള്ള പൊലീസിനെ വിന്യസിക്കാമെങ്കിലും നിയമസമാധാന ചുമതലകൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥർ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന തരത്തിലായിരിക്കണമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ (BNSS) ഇത്തരമൊരു സാഹചര്യത്തിൽ യൂണിഫോം നിർബന്ധമാണെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നിയമപരമായ അധികാരം പൊലീസിനും മജിസ്‌ട്രേറ്റിനുമാണുള്ളതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.