അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ബഹളം

അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ബഹളം


ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്നും ബഹളം. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചര്‍ച്ച സാധ്യമാക്കാതെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമാകില്ലെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.

എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക്‌സഭയില്‍ ചോദ്യോത്തര വേള തുടര്‍ന്നു. പിന്നീട് ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടതോടെ സമ്മേളനം നിര്‍ത്തി വെയ്ക്കുകയായിരുന്നു.

രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കപ്പെട്ടു. ഇതോടെ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചു. ഇതേ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സഭാ നടപടികള്‍ തടസ്സപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാ ചെയര്‍മാന്‍ രംഗത്തെത്തി. റൂള്‍ 267 പ്രതിപക്ഷം ദുരുപയോഗിക്കുന്നതായാണ് രാജ്യസഭാ ചെയര്‍മാന്റെ ആരോപണം. ചോദ്യോത്തര വേളയടക്കം തടസ്സപ്പെടുത്താന്‍ റൂള്‍ 267 ദുരുപയോഗിക്കുന്നുവെന്നും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിലും അദാനി വിഷയത്തില്‍ ഉണ്ടായ പ്രതിഷേധം പാര്‍ലമെന്റ് നടപടികളെ പൂര്‍ണമായും തടസ്സപ്പെടുത്തിയിരുന്നു.

അദാനി വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമനിര്‍മ്മാണ നടപടികളിലേക്ക് കടക്കാന്‍ പാര്‍ലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിര്‍മ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ ദേശീയ ദുരന്തനിവാരണ ബില്‍ ഭേദഗതി ചര്‍ച്ചയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജി സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുകയും ഇതേ കുറിച്ച് തെറ്റിദ്ധരിപ്പിച്ച് യു എസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ചുവെന്നാണ് കേസ്. സൗരോര്‍ജ്ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് അദാനിക്കെതിരെയുള്ള കേസ്. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് അദാനി ഗ്രൂപ്പിനെതിരെ നടപടി എടുത്തത്. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ വ്യക്തമാക്കിയത്.

യു എസ് നിയമനടപടി ആരംഭിച്ചതോടെ ശ്രീലങ്ക, കെനിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിയുമായുള്ള കരാറില്‍ നിന്ന് പിന്മാറിയിരുന്നു. നേരത്തെ ഗൗതം അദാനിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കൈക്കൂലിക്കേസില്‍ അമേരിക്ക കുറ്റപത്രം ചുമത്തിയതോടെ യുഎസിലെ നിക്ഷേപപദ്ധതികളില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്മാറാന്‍ തീരുമാനിച്ചിരുന്നു. 600 മില്യണ്‍ ഡോളറിന്റെ ബോണ്ട് സമാഹരണമാണ് അദാനി ഗ്രൂപ്പ് തത്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ക്കെതിരെയെടുത്ത കേസിന്റെ പശ്ചാത്തലത്തില്‍ എല്ലാം നിര്‍ത്തിവെക്കുകയാണെന്ന് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.