ന്യൂഡല്‍ഹി: സുപ്രിം കോടതിയിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ 'ചലോ ഡല്‍ഹി' മാര്‍ച്ചിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്കു ചുറ്റും 'വല മുറുകുകയാണെന്ന്' ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജന്തര്‍ മന്തറില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പ്രതിപക്ഷ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാ സഖ്യ നേതാക്കളുമായി ഹൈടീ കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ജനങ്ങള്‍ അവരുടെ ശബ്ദം ഉയര്‍ത്തുന്നത് തടയാന്‍ സര്‍ക്കാരിനാവില്ലെന്നും പ്രതിപക്ഷത്തിന്റെ പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യപരമായ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഏക വേദി ജന്തര്‍ മന്തറായിരുന്നുവെന്നും എന്നാല്‍ ഇനി ജന്തര്‍ മന്തര്‍ ഉപയോഗിക്കാനാവില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ച നിലപാടിനെ തങ്ങള്‍ ചോദ്യം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യന്‍ ജനത അവരുടെ ശബ്ദത്തിന് വേണ്ടി പോരാടാനാവില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് അത്ര എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോഡി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവരെ ലക്ഷ്യമിട്ട് സംസാരിച്ച രാഹുല്‍ ഗാന്ധി ഈ തീരുമാനത്തിന് ഉത്തരവാദികളായവര്‍ക്ക് തുടര്‍ന്നും പ്രതിപക്ഷത്തെ നേരിടേണ്ടിവരുമെന്ന് ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് പ്രചാരണം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നതെന്ന വാദം അദ്ദേഹം തള്ളി. രാജ്യത്ത് ജനാധിപത്യവും തെരഞ്ഞെടുപ്പ് സംവിധാനവും തകര്‍ക്കപ്പെട്ടുവെന്ന് ആരോപിച്ച അദ്ദേഹം ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
രാജ്യത്ത് ജനാധിപത്യം തകര്‍ക്കപ്പെട്ടിരിക്കുന്നവെന്നും തെരഞ്ഞെടുപ്പ് സംവിധാനം തകര്‍ക്കപ്പെട്ടതായും ഭരണഘടന വലിച്ചുകീറി വലിച്ചെറിഞ്ഞിരിക്കുന്നുവെന്നും യഥാര്‍ഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ ഒരുമിച്ച് പോരാടുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യറിയോ മറ്റ് സ്ഥാപനങ്ങളോ എന്ത് നിലപാട് സ്വീകരിച്ചാലും പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതിയോടും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനോടും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടും തങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ടെന്നും അവര്‍ക്ക് നിര്‍വഹിക്കാനുള്ള പങ്കുണ്ടെന്നും അത് അവര്‍ നിര്‍വഹിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരായതിനാല്‍ എന്ത് സംഭവിച്ചാലും ഏത് സ്ഥാപനങ്ങള്‍ ഇടപെട്ടാലും ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയ പ്രതിരോധവും ജനകീയ പ്രതിരോധവും തുടരുമെന്നും ഒടുവില്‍ അത് വിജയിക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
പ്രതിപക്ഷം പ്രചാരണം ഉപേക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി പോരാട്ടം തുടരാനുള്ള തങ്ങളുടെ സമീപനത്തെ വിശേഷിപ്പിക്കാന്‍ 'സ്ഥിരോത്സാഹം' എന്ന വാക്കാണ് ഉപയോഗിച്ചത്.
പോരാട്ടം മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കാമെന്നും എന്നാല്‍ ലക്ഷ്യം നേടുന്നതുവരെ അത് അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നടപടികള്‍ എന്തായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് എം പി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ആര്‍ ജെ ഡി നേതാക്കളായ തേജസ്വി യാദവ്, മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര, ജെ എം എം നേതാവ് മഹുവ മാജി, സമാജ്വാദി പാര്‍ട്ടി നേതാക്കളായ ഹരേന്ദ്ര മാലിക്, ഇഖ്റ ഹസന്‍ എന്നിവരും സി പി ഐ (എം) ജനറല്‍ സെക്രട്ടറി എം എ ബേബി, എ ഐ എസ് എ പ്രസിഡന്റ് നേഹ ബോറ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
