വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ സംഭാവനദാതാവിനോട് ഒരു ലക്ഷം ഡോളര്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗ്രീസിലെ അമേരിക്കന്‍ അംബാസഡര്‍ കിംബര്‍ലി ഗില്‍ഫോയില്‍ രാജിവെക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം അംബാസഡര്‍ സ്ഥാനത്തേക്കുള്ള സ്ഥിരീകരണ ഹിയറിംഗിന് മുന്നോടിയായി ഗില്‍ഫോയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഒരു സംഭാവനദാതാവിനോട് പണം ആവശ്യപ്പെട്ടെന്നായിരുന്നു ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
അംബാസഡര്‍ ഗില്‍ഫോയിലിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ തങ്ങളുടെ സംഘത്തിന് മികച്ച മുതല്‍ക്കൂട്ടായിരുന്നുവെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയ പറഞ്ഞു.
ഗ്രീസിലെ പുതിയ അമേരിക്കന്‍ അംബാസഡറായി ചുമതലയേറ്റ ഗില്‍ഫോയില്‍ ദാവോസില്‍ നടന്ന പരിപാടിയില്‍ ഗ്രീസിലെ രണ്ട് പ്രമുഖ ശതകോടീശ്വരന്മാരുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് വീമ്പുപറഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള തന്റെ ചെലവേറിയ യാത്രകള്‍ക്ക് അവര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
ബുധനാഴ്ച ദ വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ടെക്സ്റ്റ് സന്ദേശങ്ങള്‍ പ്രകാരം തന്റെ അമേരിക്കന്‍ എക്‌സ്പ്രസ് അക്കൗണ്ടിലേക്ക് ഒരു ലക്ഷം ഡോളര്‍ അയച്ചുനല്‍കണമെന്ന് ഗില്‍ഫോയില്‍ ട്രംപിന്റെ ഒരു സംഭാവനദാതാവിനോട് ആവശ്യപ്പെട്ടിരുന്നു. പകരം സംഭാവനദാതാവിന്റെ വ്യക്തിപരമായ നികുതി, നിയമ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദേശങ്ങളുടെ ആധികാരികത ഗില്‍ഫോയിലിന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്‌തെങ്കിലും അതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍നിന്ന് പുറപ്പെടുന്നതിനിടെ ഗില്‍ഫോയിലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താന്‍ ഇപ്പോഴാണ് അതിനെക്കുറിച്ച് കേട്ടതെന്നും അത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ എപ്പോഴും വളരെ നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളതെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
ദ വാള്‍ സ്ട്രീറ്റ് ജേണല്‍ പരിശോധിച്ച ശബ്ദരേഖയും സംഭാഷണം കേട്ടവരുടെ വിവരങ്ങളും അനുസരിച്ച്, ജനുവരിയില്‍ അടിയന്തരമായ ഒരു ആവശ്യം ഉന്നയിക്കുന്നതിനിടെ ഗ്രീസിലെ സമ്പന്നരായ വ്യവസായികളുമായുള്ള തന്റെ ബന്ധങ്ങള്‍ ഗില്‍ഫോയില്‍ എടുത്തുപറഞ്ഞിരുന്നു.
എറിക് ട്രംപിനായി സംഘടിപ്പിക്കുന്ന ഒരു അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഗില്‍ഫോയിലിനെ തടഞ്ഞിരുന്നു. അതില്‍ പ്രവേശനം ലഭിക്കാന്‍ അതിഥിപ്പട്ടികയിലുണ്ടായിരുന്ന ഒരു അമേരിക്കന്‍ വ്യവസായിയുടെ സഹായം തേടാനായിരുന്നു അവരുടെ ശ്രമം.
ദാവോസിലേക്ക് ഗില്‍ഫോയിലിനെ വിമാനത്തില്‍ കൊണ്ടുപോയ ഗ്രീക്ക് കമ്പനിയായ ആക്ടറിനെ പ്രോത്സാഹിപ്പിക്കാന്‍ അംബാസഡര്‍ ശ്രമിച്ചുവെന്ന ജേണലിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സെനറ്റിലെയും ജനപ്രതിനിധിസഭയിലെയും വിദേശകാര്യ സമിതികളിലെ ഡെമോക്രാറ്റുകളുടെ വിമര്‍ശനവും അവര്‍ നേരിട്ടു. ഗില്‍ഫോയിലിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അവര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. ആക്ടറിന്റെ സി ഇ ഒയാണ് ഗില്‍ഫോയിലിനെ ദാവോസിലേക്ക് വിമാനത്തില്‍ കൊണ്ടുപോയത്.
ഈ വെളിപ്പെടുത്തലുകള്‍ വൈറ്റ് ഹൗസിനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട സഹായം തേടി താന്‍ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് നിഷേധിച്ചുകൊണ്ട് ഗില്‍ഫോയില്‍ ഭരണകൂടത്തിലെ പ്രമുഖരുമായും ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരുമായും ദിവസങ്ങളോളം ബന്ധപ്പെട്ടിരുന്നു. അവരുടെ പിന്തുണ ഉറപ്പാക്കാനും അവര്‍ ശ്രമിച്ചു.
ജേണലിന്റെ അഭിപ്രായം തേടിയുള്ള സന്ദേശത്തിലൂടെയാണ് ഗില്‍ഫോയിലിന്റെ ടെക്സ്റ്റ് സന്ദേശങ്ങളെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിഞ്ഞത്. സംഭവവികാസങ്ങളില്‍ അവര്‍ നിരാശരായിരുന്നുവെന്നും ചര്‍ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഏഥന്‍സ് സന്ദര്‍ശനത്തിനിടെ നടന്ന നിരവധി പരിപാടികളില്‍ ഗില്‍ഫോയിലും റൂബിയോയ്ക്കൊപ്പം പങ്കെടുത്തിരുന്നു.
എന്നാല്‍ ഏഥന്‍സില്‍നിന്ന് മടങ്ങുന്നതിനിടെ ജേണല്‍ റിപ്പോര്‍ട്ട് ചെയ്ത സന്ദേശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ റൂബിയോ തയ്യാറായില്ല. 'നിങ്ങള്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വിദേശരാജ്യത്തെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല,' എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. റൂബിയോയെ യാത്രയയക്കാന്‍ ഗില്‍ഫോയില്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ജേണലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും നിലപാട് വ്യക്തമാക്കാന്‍ തയ്യാറായില്ല.
അവ ആരോപണങ്ങളാണെന്നും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വാന്‍സ് പറഞ്ഞു.
