നെടുമ്പാശ്ശേരി അപകടം: പ്രതിയെ സംരക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് രമേശ് ചെന്നിത്തല

നെടുമ്പാശ്ശേരി അപകടം: പ്രതിയെ സംരക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് രമേശ് ചെന്നിത്തല


ന്യൂഡൽഹി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെ സംരക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രതിയെ ദുർഗുണ പരിപാലന ശാലയിലേക്ക് അയച്ചത് പൊലീസല്ലെന്നും ജയിൽ നിയമം അനുസരിച്ച് കോടതിയുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 21 വയസുവരെയുള്ള ആളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് കോടതിയാണ്. പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ കോടതി സംഭവത്തിൽ ഇടപെട്ട് റിമാൻഡ് ചെയ്യും. നിലനിൽക്കുന്ന നിയമം അനുസരിച്ച് ദുർഗുണ പരിപാലന ശാലയിലേക്ക് അയക്കേണ്ടി വരും. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും പ്രതിക്ക് ചുമത്താനുള്ള നടപടികളാണ് കേരള പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരും പൊലീസും ശക്തമായ നിയമനടപടികളുമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കുടുംബങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ വ്യക്തത വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിൻ്റെ ഒരു പഴുതിലൂടെയും പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കില്ല. തൻ്റെ ജില്ലയിൽ പെട്ട ആളാണ് പ്രതിയെങ്കിലും തൻ്റെ മണ്ഡലത്തിൽ പെട്ടയാളല്ല. ഉന്നത നേതാക്കൾ ഇടപെടുമെന്നത് തെറ്റിദ്ധാരണ മാത്രമാണ്. ആരെയും ഇടപെടുത്താൻ ആഭ്യന്തര വകുപ്പ് അനുവദിക്കില്ല. പ്രതിയെ രക്ഷിക്കാനുള്ള ഒരു നീക്കങ്ങൾക്കും സർക്കാരോ പൊലീസോ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അമിതവേഗത്തിൽ വന്ന മിനികൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്ന് പേരാണ് മരിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സ്വദേശി ഇജാസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കേസിൽ പ്രതിയായ സുഹൈൽ സജീവ് നിലവിൽ റിമാൻഡിലാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിച്ച സുഹൈലിനെ വാഹനം ഓടിക്കാൻ അനുവദിച്ചതിനാണ് ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്താൻ തീരുമാനിച്ചത്. അമിതവേഗത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. വാഹനത്തിൻ്റെ ഇവൻ്റ് ഡാറ്റാ റെക്കോഡറും പരിശോധിക്കും. സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അതേസമയം, പ്രതി സുഹൈൽ സജീവിൻ്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താത്തതിന് എതിരെയും പ്രതി മദ്യപിച്ചുവെന്ന് രേഖപ്പെടുത്താതിനെതിരെയും വിമർശനമുയരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെയാണ് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണവുമായി രംഗത്തെത്തിയത്.

നെടുമ്പാശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ പ്രതിയുടെ പ്രവൃത്തി മൂലം മനുഷ്യജീവന് അപായം സംഭവിക്കും എന്ന അറിവോടുകൂടി കാറിൻ്റെ ഡ്രൈവർ അപായമായും ഉദാസീനമായും മനുഷ്യജീവന് അപകടം വരത്തക്കവിധം അതിവേഗതയിൽ അശ്രദ്ധമായി കാറോടിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം പ്രതി മദ്യപിച്ചിരുന്നതായി എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രതിയുടെപേര് 'അൺനോൺ' എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്.

മദ്യപാനവും അമിതവേഗവുമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എറണാകുളം എൻഫോഴ്‌സ്‌മെൻ്റ് ആർടിഒ ഇതുസംബന്ധിച്ച റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറി. അപകടം നടന്ന എയർപോർട്ട് റോഡിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് അനുവദനീയ വേഗപരിധി. ഇത് ലംഘിച്ച് പ്രതി 120 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണം. അതേ സമയം റോഡിൻ്റെ പ്രശ്നങ്ങളോ വെളിച്ചക്കുറവോ ഉണ്ടായില്ലന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. മദ്യം വാങ്ങാനുള്ള പ്രായപരിധിക്ക് മുമ്പ് മദ്യം വാങ്ങിയതിനും പ്രതി സുഹൈലിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകിയേക്കും.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് ശേഷം കൊച്ചി എയർ പോർട്ടിലെത്തുന്ന സുഹൃത്തിനെ കൂട്ടി കൊണ്ടുപോകാനായിരുന്നു സുഹൈൽ എത്തിയത്. മദ്യപിച്ച് അമിത വേഗതയിലെത്തിയ സുഹൈൽ ഓടിച്ച മിനി കൂപ്പർ വിമാനത്താവള റോഡിലെത്തി ചായ കുടിച്ച് മടങ്ങുകയായിരുന്ന മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിന് നേരെയാണ് പാഞ്ഞുകയറിയത്. വലിയ ശബ്‌ദം കേട്ട് ഓടിയെത്തിയപ്പോഴാണ് രണ്ട് യുവതികളും ഒരു യുവാവും ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണുകിടക്കുന്നത് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തിനുശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. നാട്ടുകാരുമായി തട്ടിക്കയറാൻ ശ്രമിച്ച പ്രതിയെ പിന്നീട് പൊലീസ് സംഘത്തിന് കൈമാറി. പ്രതി മദ്യപിച്ചിരുന്നുവെന്നും മറ്റു ലഹരിവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ വ്യക്തമാകുമെന്നും ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസ് അറിയിച്ചിരുന്നു.

അതേസമയം, മകളുടെ മരണത്തിൽ തങ്ങൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് നെടുമ്പാശ്ശേരിയിൽ മിനികൂപ്പര്‍ ഇടിച്ച് കൊല്ലപ്പെട്ട എംപി ഗോപികയുടെ കുടുംബം പറയുന്നു. ഇത്രയും ഗുരുതരമായ കുറ്റം ചെയ്‌ത ഒരാളെ ജുവനൈൽ ഹോമിലേക്ക് വിടുക എന്നത് കേസ് അട്ടിമറിക്കാൻ ആണെന്ന് സംശയിക്കുന്നുവെന്ന് പിതാവ് പ്രദീപ്‌കുമാർ പറഞ്ഞു. ഞങ്ങൾക്ക് നീതി ലഭിക്കുമോ എന്നാണ് സംശയം. പൊലീസിന് അന്വേഷണത്തിൽ വീഴ്‌ചകൾ ഉണ്ടായിട്ടുണ്ട്. അവർക്ക് മുകളിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും പറയുന്നു.

അപകടത്തിനുശേഷം എന്ത് സംഭവിച്ചാലും ബാപ്പ നോക്കിക്കോളും എന്ന് പറഞ്ഞത് സ്വാധീനമുള്ളതുകൊണ്ടാണ്. അപകടത്തിനുശേഷം എഫ്ഐആറിൽ പ്രതി മദ്യപിച്ച കാര്യം ഉൾപ്പെടുത്തിയിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ മകൾക്കെതിരെയും തങ്ങൾക്കെതിരെയും അധിക്ഷേപ പരാമർശങ്ങൾ ഉണ്ടാവുന്നുണ്ട്.