ഗ്രീൻ കാർഡ് നിയന്ത്രണങ്ങൾക്കിടയിലും യുഎസിൽ 15,000 പേരെ നിയമിക്കാൻ ടിസിഎസ് പദ്ധതി

ഗ്രീൻ കാർഡ് നിയന്ത്രണങ്ങൾക്കിടയിലും യുഎസിൽ 15,000 പേരെ നിയമിക്കാൻ ടിസിഎസ് പദ്ധതി


അമേരിക്കയിലെ ഗ്രീൻ കാർഡ് അപേക്ഷകൾക്കുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) പ്രോഗ്രാമിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനിടയിലും യുഎസിൽ അടുത്ത 5 വർഷത്തിനുള്ളിൽ 15,000 പ്രാദേശിക ജീവനക്കാരെ അധികമായി നിയമിക്കുമെന്ന തങ്ങളുടെ പദ്ധതിയുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) മുന്നോട്ട്. അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ മാറ്റങ്ങൾ കമ്പനിയുടെ ബിസിനസിനെയോ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്ന് ടിസിഎസ് വ്യക്തമാക്കുന്നു.  'പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ' പ്രോഗ്രാമുമായി ബന്ധപ്പെട്ട് യുഎസ് സർക്കാർ നൽകുന്ന ഏത് നിർദ്ദേശവും പാലിക്കുമെന്നും ടിസിഎസ് അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി ടിസിഎസ് സമർപ്പിച്ച ഗ്രീൻ കാർഡ് അപേക്ഷകളുടെ എണ്ണം വളരെ കുറവാണ് (ഒറ്റ അക്കത്തിൽ മാത്രം). അതിനാൽ ഈ സസ്‌പെൻഷൻ കമ്പനിയുടെ മുന്നോട്ടുള്ള തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ല. യുഎസിലെ തങ്ങളുടെ ബിസിനസ് പ്രാദേശിക പ്രതിഭകളെ യമിക്കുന്നതിലൂടെയാണ് കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റുകൾ വഴി കൂടുതൽ അമേരിക്കൻ സ്വദേശികളെ കമ്പനിയിലേക്ക് ആകർഷിക്കാനാണ് തീരുമാനം.  

"രാജ്യത്തുടനീളമുള്ള 31 ഓഫീസുകളിലും ഡെലിവറി സെന്ററുകളിലുമായി ഞങ്ങൾ വലിയൊരു പ്രാദേശിക തൊഴിൽ സേനയെ കെട്ടിപ്പടുത്തിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചതുപോലെ, പ്രാദേശിക തൊഴിൽ സേനയെ കൂടുതൽ വിപുലീകരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎസിൽ 15,000 പേരെ കൂടി നിയമിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഞങ്ങളുടെ PERM അപേക്ഷകളുടെ എണ്ണം വളരെ കുറവായിരുന്നു (ഒറ്റ അക്കത്തിൽ ഒതുങ്ങുന്നതായിരുന്നു). അതിനാൽ, ഈ പ്രോഗ്രാം നിർത്തിവെക്കുന്നത് ഞങ്ങളുടെ തൊഴിൽ സേനാ തന്ത്രത്തെയോ ഉപഭോക്താക്കളുമായുള്ള പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്ന് ഞങ്ങൾ കരുതുന്നു," കമ്പനി വ്യക്തമാക്കി.

യുഎസ് തൊഴിൽ വകുപ്പിന്റെ ഇൻസ്പെക്ടർ ജനറൽ നടത്തുന്ന അന്വേഷണത്തിനിടെ, TCS, ഇൻഫോസിസ്, വിപ്രോ, HCL ടെക്നോളജീസ് എന്നിവയുൾപ്പെടെ എട്ട് സാങ്കേതിക കമ്പനികളെ PERM പ്രോഗ്രാമിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയ സാഹചര്യത്തിലാണ് ഈ പ്രസ്താവന വന്നത്. കോഗ്നിസന്റ്, കാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബ് എന്നിവയും ഈ നടപടിക്ക് വിധേയമായിട്ടുണ്ട്.

ഈ നടപടി കമ്പനികളെ പുതിയ PERM അപേക്ഷകൾ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും, അവരുമായി ബന്ധപ്പെട്ട നിലവിലുള്ള അപേക്ഷകളുടെ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ തൊഴിൽ-അധിഷ്ഠിത സ്ഥിരതാമസത്തിനായി വിദേശ തൊഴിലാളികളെ തൊഴിലുടമകൾ സ്പോൺസർ ചെയ്യുന്ന പ്രക്രിയയിലെ ഒരു സുപ്രധാന ഘട്ടമാണ് PERM.

അതേസമയം, തങ്ങളുടെ യുഎസ് ജീവനക്കാരിൽ ബഹുഭൂരിപക്ഷവും അമേരിക്കക്കാരാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം സമർപ്പിച്ച ഏകദേശം 6,000 H-1B അപേക്ഷകളിൽ 80 ശതമാനവും പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനല്ല, മറിച്ച് നിലവിലുള്ള ജീവനക്കാരുടെ കാലാവധി നീട്ടുന്നതിനോ അവരുടെ സ്റ്റാറ്റസ് മാറ്റുന്നതിനോ വേണ്ടിയുള്ളവയായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ ജീവനക്കാർക്കായുള്ള ബാക്കി അപേക്ഷകൾ ഇതിനകം തന്നെ നിയമപരമായി അമേരിക്കയിലുള്ളവർക്ക് വേണ്ടിയുള്ളവയായിരുന്നുവെന്നും, മൈക്രോസോഫ്റ്റിന്റെ യുഎസ് തൊഴിൽ സേനയുടെ ആകെ എണ്ണത്തിൽ ഇവ വെറും 1 ശതമാനം മാത്രമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.