ഇന്ത്യന്‍ കാക്കകള്‍ കടുത്ത ശല്യം; കൊന്നൊടുക്കാന്‍ തീരുമാനിച്ച് കെനിയ

ഇന്ത്യന്‍ കാക്കകള്‍ കടുത്ത ശല്യം; കൊന്നൊടുക്കാന്‍ തീരുമാനിച്ച് കെനിയ

Photo Caption


നെയ്‌റോബി: ഇന്ത്യയില്‍ എണ്ണം കുറഞ്ഞെങ്കിലും ഇന്ത്യന്‍ കാക്കകള്‍ കെനിയയില്‍ പൊതുശല്യം. തുടര്‍ന്ന് കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷം അവസാനത്തോടെയാണ് 10 ലക്ഷത്തോളം ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കാന്‍ കെനിയ തീരുമാനിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ കാക്കകള്‍ കെനിയന്‍ കര്‍ഷകര്‍ക്കും തീരപ്രദേശങ്ങളിലും വലിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളുമാണ് സൃഷ്ടിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മാത്രമല്ല പ്രാദേശിക പക്ഷികള്‍ക്കും ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയായിരിക്കുകയാണ്. 

കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കാക്കകളുടെ ശല്യം സഹിക്കാനാവുന്നില്ലെന്നാണ് തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും പരാതിപ്പെടുന്നത്. ഇവ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശിക പക്ഷികളെ സംരക്ഷിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ്  സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് പോകുന്നതെന്ന്  വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു.

ഇന്ത്യന്‍ കാക്കകള്‍ കൃഷിയിടങ്ങളില്‍ കൂട്ടമായി പറന്നിറങ്ങി വിത്തുകള്‍ ഭക്ഷിക്കുകയാണെന്നാണ് കര്‍ഷകരുടെ പ്രധാന പരാതി. പൊതുസ്ഥലങ്ങളിലെല്ലാം ഭക്ഷണ സാധനങ്ങള്‍ തട്ടിയെടുക്കാന്‍ കാക്കകള്‍ കൂട്ടമായി എത്തുന്നത് ടൂറിസം മേഖലയ്ക്കും വിനയാണ്. സഞ്ചാരികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടാണ് കെനിയന്‍ സര്‍ക്കാറിന് തലവേദനയുണ്ടാക്കുന്നത്. 

യന്ത്രങ്ങളും ടാര്‍ഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലാതാക്കാനാണ് നീക്കം. ഇതുകൂടാതെ, കെനിയ പെസ്റ്റ് കണ്‍ട്രോള്‍ ആന്‍ഡ് പ്രൊഡക്ട്‌സ് ബോര്‍ഡും (പിസിപിബി) ലൈസന്‍സുള്ള വിഷവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഹോട്ടലുടമകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 

കെനിയയെ സംബന്ധിച്ചിടത്തോളം ആദ്യമായല്ല വെല്ലുവിളി ഉയര്‍ത്തുന്ന പക്ഷികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പും പക്ഷികളുടെ എണ്ണം കുറക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിട്ടുണ്ട്.