പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം: കസ്റ്റഡിയിലെടുത്ത 6 പേരെയും പോലീസ് വിട്ടയച്ചു

പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം: കസ്റ്റഡിയിലെടുത്ത 6 പേരെയും പോലീസ് വിട്ടയച്ചു


പത്തനംതിട്ട:  13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. പരാതിക്കാരിയുടെ മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നാണ് പോലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത നാല് പേരെ അടക്കമാണ് പിടികൂടിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റം ഉണ്ട്. സംഭവത്തിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പോലീസിനു മൊഴി കിട്ടിയത്.

പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ ടീച്ചർ ആണ് ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വെച്ചാണ് പീഡനം നടന്നതെന്നാണ് മൊഴി. സഹപാഠിയായ പെൺകുട്ടിയും പോക്സോ കേസിൽ പ്രതിയാണ്. 13കാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

അതേസമയം, പീഡനത്തിനിരയായെന്ന പരാതിയിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ടോയെന്ന് പോലീസ് വ്യക്തത വരുത്തിയിട്ടില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പീഡനം നടന്നിട്ടുണ്ടെങ്കിൽ അത് വൈദ്യപരിശോധനയിലൂടെ വ്യക്തത വരുത്താനാകും. അങ്ങനെയെങ്കിൽ പോക്സോ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രകാരം വേ​ഗത്തിൽ നടപടിയെടുക്കേണ്ടതായിട്ടുമുണ്ട്. അതിനിടെ, സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ചൈൽഡ് വെൽഫയർ കമ്മിറ്റി എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടി.