മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ വധഭീഷണി; അന്വേഷണം തുടങ്ങി

മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ വധഭീഷണി; അന്വേഷണം തുടങ്ങി


മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മെല്‍ബണ്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സമൂഹമാധ്യമത്തില്‍ ഉയര്‍ന്ന വധഭീഷണിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ മാധ്യമമായ ഓസ്‌ട്രേലിയ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജൂലൈ 9-ന് മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മെല്‍ബണ്‍ മീറ്റ്‌സ് മോഡി എന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പരിപാടി സംബന്ധിച്ച ഓസ്‌ട്രേലിയ ഇന്ത്യ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണിസന്ദേശം പ്രത്യക്ഷപ്പെട്ടത്.

അബു മുസ്തഫ എന്ന പേരിലുള്ള ഉപയോക്താവ് അറബിക് ഭാഷയില്‍ രേഖപ്പെടുത്തിയ കമന്റിന്റെ പരിഭാഷയില്‍ പരിപാടിക്കിടെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര അടച്ചിടുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അദ്ദേഹം ഓസ്‌ട്രേലിയയിലെത്തുന്നത് മരണത്തിനായിരിക്കും എന്നായിരുന്നു ഭീഷണി.

സംഭവത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചതായും ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത അക്കൗണ്ടിന്റെ ഐ പി വിലാസം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നും ഓസ്‌ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഈ അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

ഏകദേശം 1,600 അനുയായികളുള്ള ഓസ്‌ട്രേലിയ ഇന്ത്യ ഫൗണ്ടേഷന്‍ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ്. മെല്‍ബണ്‍ പരിപാടി പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30-നാണ് ആരംഭിക്കുക.

ജൂലൈ 6 മുതല്‍ 11 വരെ നടക്കുന്ന മൂന്ന് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓസ്‌ട്രേലിയയിലെത്തുന്നത്. ആദ്യം ഇന്‍ഡോനേഷ്യ സന്ദര്‍ശിക്കുന്ന അദ്ദേഹം തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്കും പിന്നീട് ന്യൂസിലന്‍ഡിലേക്കും പോകും.

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് സാധാരണയായി കര്‍ശനമായ ബഹുതല സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കാറുള്ളത്. മെല്‍ബണ്‍ പരിപാടിയുമായി ബന്ധപ്പെട്ട വധഭീഷണി പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ബന്ധപ്പെട്ട ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓസ്‌ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.