ഹോര്‍മുസില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ബ്രിട്ടനും ഫ്രാന്‍സിനും ഇറാന്റെ മുന്നറിയിപ്പ്

ഹോര്‍മുസില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ബ്രിട്ടനും ഫ്രാന്‍സിനും ഇറാന്റെ മുന്നറിയിപ്പ്


തെഹ്‌റാന്‍: ആഗോള വ്യാപാരത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. കടലിടുക്കില്‍ സൈനിക ശക്തി പ്രകടിപ്പിക്കാനുള്ള വേദിയല്ല ഇതെന്നും ഇത്തരം നീക്കങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ഇറാന്‍. അതീവസൂക്ഷ്മമായ ഈ ജലപാതയില്‍ ഏതെങ്കിലും സൈനിക നീക്കം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നവരാണ് ഉത്തരവാദികള്‍. ഇത് അതീവ ഗൗരവമുള്ള മുന്നറിയിപ്പാണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ജൂലൈ 4-ന് ഫ്രാന്‍സ് പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് ഇറാന്റെ മുന്നറിയിപ്പ്. ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പല്‍ഗതാഗതം പുനഃസ്ഥാപിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ താത്പര്യമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

കടലിടുക്കിലെ നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് ബഹുരാഷ്ട്ര സൈനിക ദൗത്യം വിന്യസിക്കാന്‍ തയ്യാറാണെന്നും ഈ നീക്കത്തില്‍ ഒമാന്‍ സഹകരിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ബ്രിട്ടനും ഫ്രാന്‍സും അവകാശപ്പെട്ടു.

അതേസമയം, ഈ അവകാശവാദം ഒമാന്റെ നിലപാടിനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഇറാനും ഒമാനും ചേര്‍ന്ന് പങ്കിടുന്ന സമുദ്രപാതയാണ്. മുമ്പ് ഇറാനുമായി ചേര്‍ന്ന് ഫീസ് ഈടാക്കുന്ന സംവിധാനം നടപ്പാക്കണമെന്നാണ് ഒമാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈനിക നീക്കത്തിന് ഒമാന്‍ പിന്തുണ നല്‍കുന്നുവെന്ന അവകാശവാദം രാജ്യത്തിന്റെ നിലപാടില്‍ വൈരുധ്യമുണ്ടാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ഇതിനിടെ, ജൂലൈ 3 മുതല്‍ 9 വരെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയിയുടെ സംസ്‌കാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഇറാനില്‍ നടക്കുകയാണ്. ഈ കാലയളവില്‍ അമേരിക്കയോ ഇസ്രായേലോ പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെഹ്‌റാനിലെ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചതോടൊപ്പം നഗരമധ്യത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലവിലുള്ള ധാരണാപത്രം ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതം സാധാരണ നിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും നിലവില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും അനിശ്ചിതവും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുമായ അവസ്ഥയിലാണ്.