250-ാം വാർഷിക പ്രസംഗത്തിൽ ട്രംപിന്റെ അമേരിക്കൻ കാഴ്ചപ്പാടിനെതിരെ മംദാനിയുടെ വിമർശനം

250-ാം വാർഷിക പ്രസംഗത്തിൽ ട്രംപിന്റെ അമേരിക്കൻ കാഴ്ചപ്പാടിനെതിരെ മംദാനിയുടെ വിമർശനം


ന്യൂയോർക്ക്: അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി കുടിയേറ്റവിരുദ്ധ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമേരിക്കൻ കാഴ്ചപ്പാടിന് വ്യക്തമായ ബദൽ മുന്നോട്ടുവച്ചു. ട്രംപിന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു മംദാനിയുടെ വിമർശനം.
ഒരുകാലത്ത് അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് ജോർജ് വാഷിങ്ടൺ ഉപയോഗിച്ചിരുന്ന സിറ്റി ഹാളിലെ മേശയ്ക്ക് പിന്നിലിരുന്ന്, അടുത്തിടെ അമേരിക്കൻ പൗരത്വം നേടിയവരെ ഒപ്പമിരുത്തിയാണ് മംദാനി പ്രസംഗം നടത്തിയത്.
അമേരിക്ക ശരിയായ ഉച്ചാരണമുള്ളവരുടെയോ ശരിയായ ചർമ്മനിറമുള്ളവരുടെയോ മാത്രം രാജ്യമാണെന്നും ബാക്കിയുള്ളവർക്ക് ഇവിടെ സന്ദർശിക്കാൻ മാത്രം അനുവാദം ലഭിച്ചതിൽ നന്ദിയുള്ളവരായിരിക്കണമെന്നുമാണ് അധികാരത്തിലുള്ളവർ പറയുന്നത്. അവരുടെ കാഴ്ചപ്പാട് എത്ര ചെറുതും ദുർബലവും ഭാവനാശൂന്യവുമാണ് എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം മംദാനിയുടെ പിന്തുണ ലഭിച്ച മൂന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ പ്രൈമറി തെരഞ്ഞെടുപ്പിൽ നിലവിലെ അംഗങ്ങളെയോ അവരുടെ പിന്തുണയുള്ള സ്ഥാനാർഥികളെയോ പരാജയപ്പെടുത്തിയതിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ തന്റെ സ്വാധീനം കൂടുതൽ ഉറപ്പിക്കുന്ന നീക്കമായാണ് ഈ പ്രസംഗം വിലയിരുത്തപ്പെടുന്നത്. ട്രംപ് മൗണ്ട് റഷ്മോറിൽ പ്രസംഗിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് മംദാനി തന്റെ പ്രസംഗം നടത്തിയത്.
അമേരിക്കയുടെ ചരിത്രം കുടിയേറ്റക്കാരുടെ സംഭാവനകളാൽ സമ്പന്നമാണെന്ന് ചൂണ്ടിക്കാട്ടിയ മംദാനി, ഐറിഷ് ക്ഷാമത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയവരെയും ചൈനീസ് നാവികരെയും സ്റ്റാച്യു ഓഫ് ലിബർട്ടിയിലൂടെയും എല്ലിസ് ഐലൻഡിലൂടെയും എത്തിയ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെയും പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട ജൂതരെയും ദാരിദ്ര്യത്തിൽ നിന്ന് പലായനം ചെയ്ത ഇറ്റലിക്കാരെയും സാമ്പത്തിക അവസരങ്ങൾ തേടിയെത്തിയ സിറിയക്കാരെയും അനുസ്മരിച്ചു.
ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള ട്രംപിന്റെ ഉത്തരവ് അമേരിക്കൻ സുപ്രിം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് മംദാനിയുടെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിച്ച മൂല്യങ്ങൾ യാഥാർഥ്യമാക്കാനുള്ള ദൗത്യം ഇന്നും തുടരുകയാണെന്നും അത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും മംദാനി പറഞ്ഞു. ഇന്ന് തനിക്കൊപ്പം നിൽക്കുന്ന, അടുത്തിടെ അമേരിക്കൻ പൗരത്വം നേടിയവരുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഗാണ്ടയിൽ ജനിച്ച മംദാനി 2018-ലാണ് അമേരിക്കൻ പൗരത്വം നേടിയത്. ന്യൂയോർക്കുകാരൻ എന്നതിലുപരി ഒരു അമേരിക്കക്കാരനായി മാറിയതിന്റെ സന്തോഷം ഏതാനും വർഷങ്ങൾക്ക് മുമ്പ് താനും അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിഭജിക്കുക എന്നതാണ് രാഷ്ട്രീയത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും ചെലവ് കുറഞ്ഞതുമായ തന്ത്രം. ചരിത്രത്തിലെ എല്ലാ കാലത്തും വിഭജനവും ഒറ്റപ്പെടുത്തലും പ്രോത്സാഹിപ്പിച്ചവർ ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിച്ചാണ് അധികാരവും സമ്പത്തും നേടാൻ ശ്രമിച്ചത്-  മംദാനി പറഞ്ഞു.
അമേരിക്കയുടെ സ്ഥാപക മൂല്യങ്ങൾ ഏത് സ്വേച്ഛാധിപത്യ ഭരണത്തെയും അതിജീവിക്കാൻ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
നമുക്കുമുമ്പ് ഈ രാജ്യത്തെ രൂപപ്പെടുത്തിയവരോട് നീതി പുലർത്തേണ്ട വലിയ ഉത്തരവാദിത്തമാണ് ഓരോരുത്തർക്കുമുള്ളത്. 250 വർഷമായി ലോകമെമ്പാടുമുള്ളവർ ഈ രാജ്യത്തിൽ കണ്ട മഹത്വത്തിലേക്ക് അമേരിക്കയെ കൂടുതൽ അടുപ്പിക്കാനുള്ള ശക്തി ഓരോ പൗരന്റെയും കൈകളിലുണ്ടെന്നു പറഞ്ഞാണ് മംദാനി പ്രസംഗം അവസാനിപ്പിച്ചത്.