വാഷിങ്ടണ്‍: പോപ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റും അമേരിക്കന്‍ ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സിയും വിവാഹിതരായെന്ന പ്രഖ്യാപനത്തിന് പിന്നാലെ, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വിവാദമായി. ടംപാണ് നിങ്ങളുടെ പ്രസിഡന്റ് എന്ന സന്ദേശമാണ് വൈറ്റ് ഹൗസ് പങ്കുവെച്ചത്.
ജൂലൈ 3-ന് ഡൊണള്‍ഡ് ട്രംപിന്റെ വിമര്‍ശകയായ ടെയ്ലര്‍ സ്വിഫ്റ്റും ട്രാവിസ് കെല്‍സിയും മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ജസ്റ്റ് ടി ആന്റ് ടി മാരീഡ് എന്ന സന്ദേശം പ്രദര്‍ശിപ്പിച്ച ഡിജിറ്റല്‍ ബില്‍ബോര്‍ഡുകള്‍ ശ്രദ്ധ നേടിയിരുന്നു.
ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ സമാന ശൈലിയിലുള്ള ഒരു ചിത്രം പങ്കുവെച്ചത്. വിവാഹപ്രഖ്യാപനത്തില്‍ ഉപയോഗിച്ച ബില്‍ബോര്‍ഡിന്റെ മാതൃകയിലുള്ള ചിത്രത്തില്‍ ട്രംപ് ഈസ് യുവര്‍ പ്രസിഡന്റ് എന്ന സന്ദേശമാണ് നല്‍കിയിരുന്നത്. ചിത്രത്തില്‍ ടെയ്ലര്‍ സ്വിഫ്റ്റിനെയോ ട്രാവിസ് കെല്‍സിയെയോ നേരിട്ട് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും പശ്ചാത്തലത്തിലുള്ള മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ ചിത്രം പോസ്റ്റിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതാണെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വിലയിരുത്തി.
ഡൊണള്‍ഡ് ട്രംപ് ടെയ്‌ലര്‍ സ്വിഫ്റ്റിനെ മുന്‍പും പലവട്ടം വിമര്‍ശിച്ചിട്ടുണ്ട്. 2024-ല്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഐ ഹേറ്റ് ടെയ്‌ലര്‍ സ്വിഫ്റ്റ് എന്ന് ട്രംപ് പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍ 2025-ല്‍ ടെയ്ലറും ട്രാവിസ് കെല്‍സിയും വിവാഹനിശ്ചയം പ്രഖ്യാപിച്ചപ്പോള്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നും ട്രംപ് രംഗത്തെത്തിയിരുന്നു. 'കെല്‍സി മികച്ച താരമാണ്, മികച്ച വ്യക്തിയാണ്. ടെയ്ലര്‍ മികച്ച വ്യക്തിയാണ്. ഇരുവര്‍ക്കും എല്ലാ ആശംസകളും നേരുന്നു,' എന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, വൈറ്റ് ഹൗസിന്റെ പുതിയ പോസ്റ്റിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലും വ്യാപക പ്രതികരണങ്ങളുണ്ടായി. നിരവധി ഉപയോക്താക്കള്‍ ട്രംപിനെ വിമര്‍ശിച്ചുകൊണ്ട് സമാന രീതിയിലുള്ള ചിത്രങ്ങളും സന്ദേശങ്ങളും പങ്കുവെക്കുകയും ചെയ്തു.
