ജെയ്ഷ്, ലഷ്‌കർ സംഘടനകളിലെ 23 പാകിസ്താൻ സ്വദേശികളെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

ജെയ്ഷ്, ലഷ്‌കർ സംഘടനകളിലെ 23 പാകിസ്താൻ സ്വദേശികളെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം


ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ, നുഴഞ്ഞുകയറ്റം, യുവാക്കളെ ഭീകരസംഘടനകളലേക്ക് റിക്രൂട്ട് ചെയ്യൽ, ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ കടത്തൽ എന്നിവയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാകിസ്താൻ ആസ്ഥാനമായ ജെയ്ഷ്ഇമുഹമ്മദ് (JeM), ലഷ്‌കർ ഇ തയ്ബ (LeT) സംഘടനകളിലെ 23 പേരെ കേന്ദ്ര സർക്കാർ ഭീകരരായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

പ്രഖ്യാപിക്കപ്പെട്ടവരിൽ ലഷ്‌കർ സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സയീദിന്റെ അടുത്ത അനുയായികളെന്ന് ആരോപിക്കപ്പെടുന്ന അബ്ദുൽ റൗഫ്, ഹാഫിസ് ഖാലിദ് വലീദ്, റാണ ഇഫ്തിഖാർ എന്നിവരും ഉൾപ്പെടുന്നു. ഇവർ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ, ധനസമാഹരണം, യുവാക്കളെ റിക്രൂട്ട് ചെയ്യൽ എന്നിവയിൽ സജീവ പങ്കുവഹിച്ചിരുന്നതായി കേന്ദ്രം ആരോപിക്കുന്നു.

2016ൽ ജമ്മുവിലെ നഗ്രോട്ട സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ, ഹാഫിസ് അബ്ദുൽ ഷക്കൂർ, അബ്ദുല്ല ജിഹാദി എന്നിവരെയും ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്. 2018ലെ സുൻജ്വാൻ സൈനിക കേന്ദ്ര ആക്രമണവുമായി ബന്ധപ്പെട്ട് മസൂദ് ഇലിയാസ് കശ്മീരി, മുഹമ്മദ് മുസാദിഖ് എന്നിവരുടെയും പേരുകൾ പട്ടികയിലുണ്ട്.

ജമ്മുകശ്മീരലേക്ക് ഭീകരരെ നുഴഞ്ഞുകയറ്റാൻ സഹായിക്കൽ, ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തൽ, സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കൽ എന്നിവയിലും പലർക്കും പങ്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം.

പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹീദ് ഫൈസൽ ലഷ്‌കർ, അൽഖ്വയ്ദ, ഐഎസ്‌ഐഎസ് ശൃംഖലകളുമായി ബന്ധമുള്ളയാളാണെന്നും സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും പാകിസ്താനിൽ ആയുധപരിശീലനം ഒരുക്കുകയും ചെയ്തിരുന്നതായും വിജ്ഞാപനത്തിൽ പറയുന്നു.

ഇതിനുപുറമെ ഭീകരർക്ക് സാമ്പത്തിക സഹായം നൽകൽ, സുരക്ഷിത താവളങ്ങൾ ഒരുക്കൽ, ലോജിസ്റ്റിക് പിന്തുണ നൽകൽ, സാങ്കേതിക സഹായം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പേരെയും കേന്ദ്രം ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകര ശൃംഖലകളെ തകർക്കുന്നതിനും ഡ്രോൺ വഴിയുള്ള ആയുധക്കടത്തും ഓൺലൈൻ റിക്രൂട്ട്‌മെന്റും തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.