മുംബൈ: തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുന്നു. മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 7 വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ട്, നദികളിലെ ജലനിരപ്പ് ഉയരൽ, ഗതാഗത തടസ്സം തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കൊളാബയിൽ വെള്ളിയാഴ്ച 111.8 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. മൂന്ന് ദിവസത്തിനിടെ ഇവിടെ ആകെ 339.6 മില്ലീമീറ്റർ മഴ ലഭിച്ചു. സാന്താക്രൂസിൽ ഇതേ കാലയളവിൽ 401.9 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ച മാത്രം 101 മില്ലീമീറ്റർ മഴ പെയ്തു.
ഗുജറാത്തിലും കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ജാംനഗർ ജില്ലയിലെ ധ്രോൾ മേഖലയിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ആളുകൾ അരയോളം വെള്ളത്തിലൂടെയാണ് സഞ്ചരിച്ചത്. രാജ്‌കോട്ട് ഉൾപ്പെടെയുള്ള മേഖലകളിലും ശക്തമായ മഴ ലഭിച്ചു.
ശനി, ഞായർ ദിവസങ്ങളിലും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി അറിയിച്ചു.
തെക്കുപടിഞ്ഞാറൻ കാലവർഷം വടക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങൾ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലേക്കും വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ദക്ഷിണ ഗുജറാത്തിലെ വൽസാദ്, ദാമൻ എന്നിവിടങ്ങളിലും സൗരാഷ്ട്ര മേഖലയിലെ ജൂനഗഡ്, അമ്രേലി, ഗിർ സോമനാഥ്, ജാംനഗർ, പോർബന്ദർ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. തുടർച്ചയായ മഴയെ തുടർന്ന് വാഘായിലെ ഗിര വെള്ളച്ചാട്ടത്തിലെ ജലനിരപ്പും ഗണ്യമായി ഉയർന്നു.
മുംബൈയിൽ റെഡ് അലർട്ട്; കനത്ത മഴയിൽ ഗുജറാത്തിലും വെള്ളക്കെട്ട് രൂക്ഷം
