'അമേരിക്കയിലെ ഏറ്റവും ഭാരമേറിയ പ്രസിഡന്റിന്റെ റെക്കോർഡ് മറികടക്കാൻ ആഗ്രഹമില്ല'; നർമം പങ്കുവെച്ച് ട്രംപ്

'അമേരിക്കയിലെ ഏറ്റവും ഭാരമേറിയ പ്രസിഡന്റിന്റെ റെക്കോർഡ് മറികടക്കാൻ ആഗ്രഹമില്ല'; നർമം പങ്കുവെച്ച് ട്രംപ്


വാഷിംഗ്ടൺ: അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി സംപ്രേഷണം ചെയ്ത കുട്ടികൾക്കായുള്ള പോഡ്കാസ്റ്റിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രസകരമായ പരാമർശങ്ങളുമായി ശ്രദ്ധ നേടി. തന്റെ ശരീരഭാരത്തെക്കുറിച്ചും മുൻ അമേരിക്കൻ പ്രസിഡന്റുമാരെക്കുറിച്ചും തമാശ കലർത്തിയായിരുന്നു ട്രംപിന്റെ പ്രതികരണങ്ങൾ.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ പ്രസിഡന്റായിരുന്ന വില്യം ഹോവാർഡ് ടാഫ്റ്റിനെക്കുറിച്ചുള്ള ഭാഗം പരാമർശിക്കവെയാണ് ട്രംപ് തമാശയായി, 'ആ റെക്കോർഡ് മറികടക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്, അതിനാൽ സൂക്ഷിക്കണം,' എന്ന് പറഞ്ഞത്.

താൻ പുസ്തകങ്ങൾ അധികം വായിക്കാറില്ലെന്നും പോഡ്കാസ്റ്റിൽ ട്രംപ് സമ്മതിച്ചു. 'ഞാൻ കൂടുതലും പത്രങ്ങളാണ് വായിക്കുന്നത്. അതിലും എന്നെക്കുറിച്ചുള്ള വാർത്തകളാണ് കൂടുതലായി വായിക്കുന്നത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുൻ പ്രസിഡന്റുമാരുടെ ഒഴിവുസമയ വിനോദങ്ങളെക്കുറിച്ചുള്ള പുസ്തകം നോക്കിക്കൊണ്ടായിരുന്നു സംഭാഷണം. കുതിരസവാരി ഇഷ്ടമായിരുന്ന എബ്രഹാം ലിങ്കണിനെക്കുറിച്ച് സംസാരിക്കവേ, താനും കുതിരസവാരി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വളരെ ശാന്തമായ കുതിരയെ തിരഞ്ഞെടുക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

നീന്തൽ ഇഷ്ടമായിരുന്ന ജോൺ ക്വിൻസി ആഡംസ്, ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്  , ജെറാൾ ഫോർഡ് എന്നിവരെ പരാമർശിച്ചപ്പോൾ, 'നീന്തൽ വസ്ത്രത്തിൽ ഞാൻ ഭംഗിയായി കാണുമോയെന്ന് അറിയില്ല. വളരെക്കാലമായി നീന്തൽ വസ്ത്രം ധരിച്ചിട്ടില്ല. അതിന് സമയം കിട്ടാറില്ല,' എന്നും അദ്ദേഹം പറഞ്ഞു.

ജോൺ എഫ് കെന്നഡിയെ 'രണ്ടാമത്തെ ഏറ്റവും സുന്ദരനായ അമേരിക്കൻ പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഒന്നാം സ്ഥാനത്തുള്ളത് ആരാണെന്ന് വ്യക്തമാക്കിയില്ല. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ 'നല്ല വ്യക്തിയായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബരാക് ഒബാമയെക്കുറിച്ച് സംസാരിക്കവേ, ബാസ്‌ക്കറ്റ്‌ബോൾ നന്നായി കളിക്കുമോയെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അഭിമുഖത്തിന്റെ അവസാനത്തിൽ അമേരിക്കയെക്കുറിച്ചും ട്രംപ് സംസാരിച്ചു. രാജ്യം നിർണായക ഘട്ടത്തിലാണെങ്കിലും ശരിയായ ദിശയിലേക്കാണ് മുന്നേറുന്നതെന്നും, അമേരിക്കയ്ക്ക് മികച്ച ഭാവിയുണ്ടാകുമെന്നുമാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.