ബാലചന്ദ്ര മേനോനെതിരെ നടി പീഡന പരാതി നല്‍കി

ബാലചന്ദ്ര മേനോനെതിരെ നടി പീഡന പരാതി നല്‍കി


തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ നടി പീഡന പരാതി നല്‍കി. ജയസൂര്യ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയ ആലുവ സ്വദേശിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ പരാതി നല്‍കിയത്. 

ഭയന്നിട്ടാണ് ഇത്ര നാളും പരാതി നല്‍കാതിരുന്നതെന്നു പറഞ്ഞ നടി 2007 ജനുവരിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. 

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. 

ദുബായിലായിരുന്ന തന്നെ സിനിമ ഷൂട്ടിങ്ങിനായി വിളിച്ചു വരുത്തുകയായിരുന്നുവെന്നും അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയതെന്നും അവര്‍ വിശദമാക്കി. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഹോട്ടലിലാണ് താമസിച്ചിരുന്നത്. അന്ന് ബാലചന്ദ്ര മേനോന്റെ പിറന്നാള്‍ പാര്‍ട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാനായി അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. താന്‍ ചെല്ലുമ്പോള്‍ ഒരു സ്ത്രീയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ തന്നെ അവിടെ നിന്നും താന്‍ മുറിയിലേക്ക് പോയെന്നും പിറ്റേ ദിവസം വീണ്ടും അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍ സ്ത്രീകളും പുരുഷന്മാരും മുറിയിലുണ്ടായിരുന്നു. അവിടെ വെച്ച് അദ്ദേഹം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഒരു വിധത്തിലാണ് സിനിമ ചെയ്ത് തീര്‍ത്ത് മടങ്ങിയതെന്നും നടി പരാതിയില്‍ പറയുന്നു. ഇതേ സിനിമ ലോക്കേഷനില്‍ ജയസൂര്യ മോശമായി പെരുമാറിയതായി നടി പരാതി നല്‍കിയിരുന്നു.