നടി ആക്രമണകേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്

നടി ആക്രമണകേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ (IPC 366), ക്രിമിനല്‍ ഗൂഢാലോചന (IPC 120B), കൂട്ടബലാത്സംഗം (IPC 376D) ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.

എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജയേഷ്, എച്ച്. സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ പി. ഗോപാലകൃഷ്ണന്‍, ചാര്‍ലി തോമസ്, സനില്‍ കുമാര്‍, ജി. ശരത് എന്നിവരെ കുറ്റവിമുക്തരാക്കി. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പര്യാപ്തമായ തെളിവുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്. എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍, അതുകൊണ്ട് എല്ലാ പ്രതികളും ഒരേപോലെ ഉത്തരവാദികളാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യത്തിലെ ഓരോരുത്തരുടെയും പങ്ക് വിലയിരുത്തി വേറിട്ട ശിക്ഷകള്‍ നല്‍കണമെന്നു കോടതി ചൂണ്ടിക്കാട്ടിയതോടെ  പ്രോസിക്യൂഷനും അതേ നിലപാട് ആവര്‍ത്തിച്ചു. പ്രതികള്‍ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല.

2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തി വാഹനത്തിനുള്ളില്‍ കയറി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവമാണ് കേസിന്റെ പശ്ചാത്തലം. ഈ ക്രൂരതയ്ക്കാണ് ഇപ്പോള്‍ കോടതി കനത്ത ശിക്ഷ പ്രഖ്യാപിച്ചത്.