മുംബൈ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരില്‍ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 മുതല്‍ 2008 വരെ ഒന്നാം യുപിഎ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവരാജ് പാട്ടീല്‍ രാജിവെച്ചത്.
മഹാരാഷട്രയിലെ ലാത്തൂരില്‍ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടെയും മകനായി 1935 ഒക്ടോബര്‍ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും നേടി.
1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാരാഷ്ട്ര നിയമസഭയിലെത്തി. പിന്നീട് മന്ത്രിയും സ്പീക്കറുമായി. 1980ലാണ് ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമാകുന്നത്. 2004 വരെ ഏഴ് തവണ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 1989 വരെ കേന്ദ്ര മന്ത്രിയായി. 1996-1996 കാലയളവില്‍ ലോക്‌സഭാ സ്പീക്കറായിരുന്നു. 2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു.
ദേശീയ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ശിവരാജ് പാട്ടീല്‍. പൊതുപ്രസംഗത്തിലോ സ്വകാര്യ സംഭാഷണങ്ങളിലോ ആര്‍ക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താത്ത നേതാവായിരുന്നു പാട്ടീലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അനുസ്മരിച്ചു.
മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു
