ടോക്യോ: ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. 6.7 തീവ്രതയിലുള്ള ഭൂകമ്പമാണ് വെള്ളിയാഴ്ച രാവിലെ വീണ്ടും രാജ്യത്തെ നടുക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 7.5 തീവ്രതയിലുള്ള ശക്തിയേറിയ കുലുക്കം അനുഭവപ്പെട്ട പ്രദേശത്തുതന്നെയാണ് പുതിയ ചലനവും രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ കുലുക്കത്തില്‍ കുറഞ്ഞത് 50 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വടക്കന്‍ പസഫിക് തീരത്തേക്ക് ഒരു മീറ്റര്‍ വരെ ഉയരമുള്ള സുനാമി തരംഗങ്ങള്‍ എത്താനിടയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാനും നിര്‍ദ്ദേശം നല്‍കി. അടിയന്തര സേവന വിഭാഗങ്ങള്‍ കൂടുതല്‍ കുലുക്കങ്ങള്‍ക്കും ഭൂപ്രകമ്പനങ്ങളുടെ പുനര്‍ചലനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചു.
തുടര്‍ച്ചയായ കുലുക്കങ്ങള്‍ ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ച സാഹചര്യത്തില്‍, റെയില്‍ സര്‍വീസുകള്‍ മുതല്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ വരെ മുന്‍കരുതലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ നഗരങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ജപ്പാന്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വിലയിരുത്തുകയാണ്. ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂമി കുലുക്കം ; 6.7 തീവ്രത, സുനാമി മുന്നറിയിപ്പ്
