ധാക്ക: ബംഗ്ലാദേശിന്റെ 13-ാമത് ദേശീയ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് 2026 ഫെബ്രുവരി 12ന് നടത്തുമെന്ന് രാജ്യത്തിന്റെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നസീറുദ്ധീന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരഭ്രഷ്ടയായതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ബംഗ്ലാദേശ് സ്വതന്ത്രവും ജനാധിപത്യപരവുമായ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ലോകത്തിന് തെളിയിക്കുകയാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാവുന്ന തെറ്റായ വാര്‍ത്തകളെയും വ്യാജ പ്രചാരണങ്ങളെയും കുറിച്ച് വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
'ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും വോട്ടര്‍മാരും സൗഹൃദപരവും സജീവവുമായി സഹകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു.
പതിമൂന്നാം ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ വിജയകരമാക്കുന്നതിലൂടെ ജനാധിപത്യ യാത്രയില്‍ ഓരോരുത്തരും ചരിത്രപരമായ പങ്ക് വഹിക്കണമെന്നും ആഹ്വാനം ചെയ്തു.
ജനറല്‍ ഇലക്ഷനും ജൂലൈ ചാര്‍ട്ടര്‍ റഫറണ്ടവും ഫെബ്രുവരി 12ന് ഒരുമിച്ചാണ് നടത്തുക. ഏകദേശം 300 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രവാസി ബംഗ്ലാദേശികള്‍ക്ക് ഡിസംബര്‍ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2025 ഡിസംബര്‍ 29 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് 127 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുണ്ട്. അതില്‍ 40 ലക്ഷത്തിലധികം പേര്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവരാണ്.
2024 ആഗസ്റ്റില്‍ പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം പ്രവാസ ജീവിതത്തില്‍ നിന്ന് മടങ്ങി വന്ന് കെയര്‍ടേക്കര്‍ സര്‍ക്കാര്‍ നയിച്ച നോബല്‍ സമാധാന പുരസ്‌കാര ജേതാവ് 85കാരനായ മുഹമ്മദ് യൂനുസ് ഈ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊഴിയും.
ബംഗ്ലാദേശ് ഒരു പുതിയ ഭാവിയുടെ കവാടത്തില്‍ നില്‍ക്കുകയാണെന്ന് യൂനുസ് പ്രസ്താവനയില്‍ പറഞ്ഞു.
