റഷ്യയുമായി ചര്‍ച്ചകള്‍ ശക്തമാക്കി അദാനി ഉള്‍പ്പെടെ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍

റഷ്യയുമായി ചര്‍ച്ചകള്‍ ശക്തമാക്കി അദാനി ഉള്‍പ്പെടെ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍


ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധമേഖലാ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. അദാനി ഡിഫന്‍സ് ഉള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ ആയുധ നിര്‍മ്മാണ കമ്പനികള്‍ റഷ്യയുമായി സഹകരണ സാധ്യതകള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനൊപ്പം പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധം വികസിപ്പിക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. ഈ വര്‍ഷം, ഇന്ത്യയിലെ മുന്‍നിര പ്രതിരോധ നിര്‍മ്മാതാക്കളിലെ കുറഞ്ഞത് ആറോളം പ്രധാന ഉദ്യോഗസ്ഥര്‍ റഷ്യയില്‍ രഹസ്യ ചര്‍ച്ചകള്‍ക്കായി പങ്കെടുത്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ വലിയ ആയുധ ഇറക്കുമതി കേന്ദ്രത്തില്‍ നിന്ന് ആഗോള പ്രതിരോധ നിര്‍മ്മാണ ഹബ്ബാക്കി ഉയര്‍ത്താനാണ് പരിശ്രമിക്കുന്നത്. ഈ ദൗത്യത്തിനായി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യകളിലേക്കുള്ള പ്രവേശനവും ദീര്‍ഘകാല പങ്കാളിത്തങ്ങളും നിര്‍ണായകമാണ്. എന്നാല്‍, റഷ്യന്‍ പ്രതിരോധ ഉപകരണങ്ങളോടുള്ള ഇന്ത്യയുടെ നിലവിലുള്ള ആശ്രയത്വം പാശ്ചാത്യ രാജ്യങ്ങളുടെ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് റോയിറ്റേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു. സാങ്കേതിക സുരക്ഷ പ്രശ്‌നങ്ങളും വിതരണ ശൃംഖലയിലെ അപാകതകളുമാണ് ഇതിന് കാരണം.

റഷ്യയില്‍ നടന്ന ചര്‍ച്ചകളില്‍ മിഗ് 29 യുദ്ധവിമാനങ്ങളുടെ സ്‌പെയര്‍ നിര്‍മാണം മുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സഹ- വികസനം വരെ നിരവധി മേഖലകള്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ നിന്ന് ആഗോള കയറ്റുമതി വിപണികളെയും ലക്ഷ്യമിട്ട് റഷ്യന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും അവലോകനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൗതം അദാനിയുടെ അദാനി ഡിഫന്‍സ്, ഭാരത് ഫോ്ജ് തുടങ്ങിയ കമ്പനികള്‍ക്ക് ഇത്തരത്തിലുള്ള സഹകരണം ഉത്പാദനാവസരങ്ങളും ഉറപ്പായ വിപണി ആവശ്യവുമാണ് നല്‍കുന്നത്. എന്നാല്‍ റഷ്യന്‍ പ്രതിരോധ ഉപകരണങ്ങളോടുള്ള ഇന്ത്യയുടെ ആശ്രയത്വം തുടരുന്നിടത്ത് പാശ്ചാത്യ സാങ്കേതിക മാനദണ്ഡങ്ങളോട് പൂര്‍ണ്ണമായി പൊരുത്തപ്പെടാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെന്ന ധാരണ വാഷിങ്ടണിലും ബ്രസ്സല്‍സിലും ശക്തമാകുമെന്ന് വിദേശ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളില്‍ ഏകദേശം 36 ശതമാനം റഷ്യന്‍ ഇനങ്ങളാണ്. ഈ യാഥാര്‍ഥ്യം തന്നെ ഏറ്റവും നൂതന സാങ്കേതിക കൈമാറ്റങ്ങള്‍ക്ക് പ്രധാന തടസ്സമായി തുടരുന്നു. ഇന്ത്യയെ ആഗോള പ്രതിരോധ നിര്‍മ്മാതാക്കളുടെ മുന്‍നിരയില്‍ എത്തിക്കാനുള്ള ശ്രമങ്ങളെയാകെ ഇത് സ്വാധീനിക്കുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.