വാഷിംഗ്ടണ്‍: അമേരിക്ക-ഇന്ത്യ നയതന്ത്രബന്ധത്തില്‍ ഗൗരവമായ ഇടിവ് സംഭവിക്കുന്നതായി യുഎസ് പ്രതിനിധി സിഡ്‌നി കാംലാഗര്‍ഡോവ് കോണ്‍ഗ്രഷണല്‍ ഹിയറിംഗില്‍ മുന്നറിയിപ്പ് നല്‍കി. പ്രതിരോധം, ഊര്‍ജം, എഐ, ബഹിരാകാശം, ആധുനിക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള കൂട്ടുകെട്ട് യുഎസിന് അനിവാര്യമാണെന്നും, രണ്ട് രാജ്യങ്ങളും 21ാം നൂറ്റാണ്ടിലെ ലോകക്രമത്തില്‍ നിലനിര്‍ണ്ണയിക്കുന്നതില്‍ ഈ ബന്ധം നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു. ഇന്‍ഡോ-പസഫിക് മേഖലയെ സംരക്ഷണത്തിനുള്ള സ്വതന്ത്രവും തുറന്നതുമായ ക്വാഡ് പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനിടയില്‍ തന്നെയാണ്, ട്രംപിന്റെ നയങ്ങള്‍ ഈ സഖ്യത്തിന് തിരിച്ചടിയായി മാറുന്നതായി ആരോപണം ഉയരുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ സമീപനം 'ഫ്‌ലഷ്, ഫ്‌ലഷ്, ഫ്‌ലഷ് - ടോയ്‌ലറ്റില്‍ ഒഴിച്ചതുപോലെ' ഇന്ത്യയുമായുള്ള പങ്കാളിത്തത്തിനെ തകര്‍ത്തുവെന്നാണ് കാംലാഗര്‍ ഡോവിന്റെ കടുത്ത പരാമര്‍ശം. ശക്തമായ ക്വാഡിലൂടെ ട്രംപിനു ലഭിക്കുന്നത് , വളരുന്ന പ്രതിരോധ-സാങ്കേതിക സഹകരണം, സപ്ലൈ ചെയിന്‍ കൂട്ടായ്മ, ഉറച്ച രാഷ്ട്രീയ ഉത്സാഹം എന്നിവയുള്ള ബന്ധമായിരുന്നുവെങ്കിലും, വ്യക്തിപരമായ വിരോധങ്ങളും നോബല്‍ ആഗ്രഹവും മൂലം ദേശീയ താല്‍പര്യങ്ങളെ അദ്ദേഹം മറികടക്കുന്നതായി അവര്‍ ആരോപിച്ചു.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ടാരിഫും, ഇന്ത്യയുമായി ബന്ധപ്പെട്ട റഷ്യന്‍ എണ്ണ ഇറക്കുമതികള്‍ക്ക് 25 ശതമാനം നികുതിയും ഏര്‍പ്പെടുത്തിയതോടെ ഉന്നത തല സന്ദര്‍ശനങ്ങളും ചര്‍ച്ചകളും തകരാറിലായതായും അവര്‍ ചൂണ്ടിക്കാട്ടി. ക്വാഡ് നേതാക്കളുടെ ഉച്ചകോടി മാറ്റിവെക്കപ്പെട്ടതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. 70 ശതമാനം ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന എച്ച് 1 ബി വിസകള്‍ക്ക് 1 ലക്ഷം ഡോളര്‍ ഫീസ് ചുമത്തിയ നടപടി യുഎസ് സാങ്കേതിക-ശാസ്ത്ര രംഗങ്ങളെ വര്‍ഷങ്ങളോളം പിന്തുണച്ച തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഈ നിലപാടുകള്‍ ഏഷ്യയില്‍ തന്നെ അനിശ്ചിതത്വം സൃഷ്ടിക്കുകയാണെന്നും, ചൈനയും പ്രദേശിക നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഘട്ടത്തിലാണ് അമേരിക്ക തെറ്റായ സന്ദേശം അയക്കുന്നതെന്നും കാംലാഗര്‍ ഡോവ് മുന്നറിയിപ്പു നല്‍കി. ഇന്ത്യയോടുള്ള വിശ്വാസത്തെ 'മൂക്കൊടിച്ച് തിരിച്ചടിക്കുന്ന' രീതിയില്‍ നയങ്ങള്‍ ബാധിക്കുകയാണെന്നും ഇതുവഴി ബന്ധത്തില്‍ ദീര്‍ഘകാല നഷ്ടം ഉണ്ടാകാമെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള ബന്ധം ' ടോയ്‌ലറ്റില്‍ ഫ്‌ലഷ് ചെയ്തു'; ട്രംപ് ഇന്ത്യയെ നഷ്ടപ്പെടുത്തുമെന്ന മുന്നറിയിപ്പ്
