വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ 'ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതി പ്രഖ്യാപിച്ചു. യുഎസ് ട്രഷറിയിലേക്ക് 1 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥിരതാമസ അവകാശം ലഭിക്കുന്നതാണ് പദ്ധതി. അപേക്ഷാ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്, ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് തുടക്കമായിട്ടുണ്ട്.
ഗ്രീന്‍ കാര്‍ഡിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങളുള്ള വഴിയാണ് ഗോള്‍ഡ് കാര്‍ഡ് എന്നാണ് ട്രംപ് വ്യക്തമാക്കിയത്. കമ്പനികള്‍ക്കും വിദേശ പ്രതിഭകളെ നിലനിര്‍ത്താന്‍ കോര്‍പ്പറേറ്റ് ഗോള്‍ഡ് കാര്‍ഡിന്റെ സഹായം ഉപയോഗിക്കാം. പ്രശസ്ത സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കമ്പനി നേരിട്ട് സ്‌പോണ്‍സര്‍ ചെയ്ത് നിലനിര്‍ത്താമെന്നാണ് ട്രംപിന്റെ വിശദീകരണം.
പദ്ധതി പ്രകാരം വ്യക്തിഗത ഗോള്‍ഡ് കാര്‍ഡ് അപേക്ഷകര്‍ ആദ്യം 15,000 ഡോളര്‍ പ്രോസസിങ് ഫീസ് അടയ്ക്കണം. അതിന് പിന്നാലെ വേഗത്തിലുള്ള പരിശോധനാ നടപടി ആരംഭിക്കും. തുടര്‍ന്ന് 'യുഎസിന് ഗണ്യമായ സംഭാവന നല്‍കുന്ന വ്യക്തി' എന്ന നിലയില്‍ 1 മില്യണ്‍ ഡോളര്‍ 'ഗിഫ്റ്റ് ' നല്‍കണം. സാഹചര്യങ്ങളെ ആശ്രയിച്ച് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന് ചെറിയ തോതിലുള്ള അധിക ഫീസുകളും നല്‍കേണ്ടിവരും.
കോര്‍പ്പറേറ്റ് ഗോള്‍ഡ് കാര്‍ഡിന് ഓരോ ജീവനക്കാരനും 15,000 ഡോളര്‍ പ്രോസസിങ് ഫീസും വെറ്റിങ് പൂര്‍ത്തിയായാല്‍ 2 മില്യണ്‍ ഡോളര്‍ സംഭാവനയും നിര്‍ബന്ധമാണ്. ഒരാളെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയാലും കമ്പനിക്ക് അതേ സംഭാവന ഉപയോഗിച്ച് പുതുജീവനക്കാരനെ സ്‌പോണ്‍സര്‍ ചെയ്യാം എന്നതാണ് പ്രത്യേകത. കാര്‍ഡിന് 1% വാര്‍ഷിക പരിപാലന ഫീസും പുതിയ പശ്ചാത്തല പരിശോധന ഉള്‍പ്പെടുന്ന 5% ട്രാന്‍സ്ഫര്‍ ഫീസും ഉണ്ടായിരിക്കും.
പദ്ധതി വിദ്യാഭ്യാസം, ബിസിനസ്, ഉയര്‍ന്ന പ്രതിഭകളുടെ നിയമനം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറക്കുമെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ 'ഗോള്‍ഡ് കാര്‍ഡ്' വിസ; 1 മില്യണ്‍ ഡോളര്‍ സംഭാവനയ്ക്ക് സ്ഥിരതാമസം ഉറപ്പ്
