ബൈജു രവീന്ദ്രനെതിരെയുള്ള ഒരു ബില്യന്‍ ഡോളര്‍ നഷ്ടപരിഹാര ഉത്തരവ് യു എസ് ബാങ്ക് റപ്റ്റസി കോടതി പിന്‍വലിച്ചു

ബൈജു രവീന്ദ്രനെതിരെയുള്ള ഒരു ബില്യന്‍ ഡോളര്‍ നഷ്ടപരിഹാര ഉത്തരവ് യു എസ് ബാങ്ക് റപ്റ്റസി കോടതി പിന്‍വലിച്ചു


ന്യൂയോര്‍ക്ക്: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ പുറപ്പെടുവിച്ച ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര ഉത്തരവ് പിന്‍വലിച്ചു. ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ ഔദ്യോഗിക പ്രസ്താവനയാണ് ഉദ്ധരിച്ചത്. കഴിഞ്ഞ മാസം അമേരിക്കയിലെ ഡെലവെയര്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി ബൈജു രവീന്ദ്രന്‍ 2021-ല്‍ എടുത്ത 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ സംബന്ധിച്ച നിയമനടപടികളില്‍ സഹകരിക്കാന്‍ വിസമ്മതിച്ചുവെന്നുള്ള അടിസ്ഥാനത്തില്‍ ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ നഷ്ടപരിഹാരം അടയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജു രവീന്ദ്രന് കേസ് വാദിക്കാന്‍ അമേരിക്കയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ ആവശ്യമായ 30 ദിവസം കോടതി അനുവദിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നവംബര്‍ 20-ന് പുറപ്പെടുവിച്ച വിധിയില്‍ പിഴവുകള്‍ തിരുത്തണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പുതിയ മോഷന്റെ അടിസ്ഥാനത്തിലാണ് കോടതി നഷ്ടപരിഹാര ഉത്തരവ് റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു. നഷ്ടപരിഹാരത്തിന്റെ യഥാര്‍ഥ കണക്കെടുപ്പ് നടന്നിട്ടില്ലെന്നും അതിനായി 2026 ജനുവരി ആദ്യവാരം മുതല്‍ പുതിയ ഘട്ടം ആരംഭിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.

2025 ഡിസംബര്‍ 8-ന് ഡെലവെയര്‍ കോടതി പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ ബൈജു രവീന്ദ്രനെതിരെയുള്ള നഷ്ടപരിഹാരവിഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് വ്യക്തമാക്കി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും 2026 ജനുവരി 7-ന് കോടതിയില്‍ തങ്ങളുടെ നിലപാട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനുശേഷം ലഭിക്കുന്ന വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇതിനു മുന്‍പ് ഗ്ലാസ് ട്രസ്റ്റ് ബൈജൂസ് സ്ഥാപകനെയും സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥിനെയും അനിത കിഷോറിനെയും 533 മില്യണ്‍ ഡോളര്‍ ലോണ്‍ തുക തട്ടിയെടുത്തുവെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതമാണെന്നും ലോണ്‍ തുക മുഴുവന്‍ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലേക്കു തന്നെ തിരിച്ചു നിക്ഷേപിച്ചുവെന്നും അത് മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കമ്പനിയുടെ ഏറ്റെടുക്കലുകള്‍ക്കായി ഉപയോഗിച്ചതാണെന്നും ബൈജൂസിന്റെ സ്ഥാപകര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഗ്ലാസ് ട്രസ്റ്റും വായ്പദാതാക്കളും വിവരങ്ങള്‍ മറച്ചുവെച്ചത് കമ്പനി തകര്‍ച്ചയിലേക്ക് നയിച്ചതായും 85,000ഓളം ജോലികള്‍ക്കും 250 മില്യണ്‍ വിദ്യാര്‍ഥികള്‍ക്കും നഷ്ടമുണ്ടാക്കിയതായും ബൈജൂസ് നല്‍കിയ പ്രസ്താവനയില്‍ ആരോപിച്ചു.

ബൈജു രവീന്ദ്രന്‍ ഗ്ലാസ് ട്രസ്റ്റിനെതിരേയും മറ്റു പങ്കാളികള്‍ക്കെതിരെയും കൂടുതല്‍ നിയമനടപടികള്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് തന്നെ അദ്ദേഹം ഗ്ല്ാസ് ട്രംസ്റ്റിനെതിരെ 2.5 ബില്യണ്‍ ഡോളറിന്റെ കേസ് നല്‍കുമെന്നു പറഞ്ഞിരുന്നു. നിലവില്‍ ബൈജു രവീന്ദ്രന് ഒരു ഡോളറുപോലും നഷ്ടപരിഹാരം അടയ്‌ക്കേണ്ടെന്ന നിലയില്‍ ഉത്തരവ് വന്നിട്ടില്ലെന്നും 2026 ജനുവരി മുതല്‍ ആരംഭിക്കുന്ന നഷ്ടപരിഹാര ഘട്ടത്തില്‍ പരാതിക്കാര്‍ക്കും യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുമെന്നും അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് മൈക്കല്‍ മക്നട്ട് വ്യക്തമാക്കി. കൂടാതെ പരാതിക്കാര്‍ മറ്റു കോടതികളിലും ഇന്ത്യയിലും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

535 മില്യണ്‍ ഡോളര്‍ (ആല്‍ഫാ ഫണ്ട്‌സ്) സ്ഥാപകര്‍ വ്യക്തിപരമായി ഉപയോഗിച്ചതായി ഗ്ലാസ് ട്രസ്റ്റും  റെസല്യൂഷന്‍ പ്രൊഫഷണലും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതായും അതിനെ തള്ളി തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ യു എസ് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ബൈജു രവീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.