വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രവേശിക്കാന്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ ചരിത്രം നിര്‍ബന്ധമായും നല്‍കണമെന്ന് ആവശ്യപ്പെടുന്ന പുതിയ നിര്‍ദേശവുമായി യു എസ് അധികാരികള്‍ രംഗത്തെത്തി. വിസ വേവര്‍ പ്രോഗ്രാമിന് അര്‍ഹതയുള്ള യു കെ ഉള്‍പ്പെടെയുള്ള 42 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ നീക്കം ബാധകമാകുന്നത്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച നിര്‍ദേശം 'പ്രാഥമിക ജീവചരിത്ര വിവരങ്ങള്‍' ശേഖരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയക്ക് പുറമെ, അപേക്ഷകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഫോണ്‍ നമ്പറുകളും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇമെയില്‍ വിലാസങ്ങളും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അധിക വിവരങ്ങളും സമര്‍പ്പിക്കണം.
2025 ജനുവരിയില്‍ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 14161 'യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ വിദേശ ഭീകരരും മറ്റ് ദേശീയ സുരക്ഷാ ഭീഷണികളില്‍ നിന്നും സംരക്ഷിക്കുക' എന്ന ഉത്തരവിനനുസരിച്ച് അപേക്ഷയില്‍ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നിര്‍ബന്ധമായ ഘടകമാക്കുകയാണെന്ന് ഫെഡറല്‍ രജിസ്റ്ററിലെ നോട്ടിഫിക്കേഷന്‍ വ്യക്തമാക്കുന്നു. വിസ കൂടാതെ പരമാവധി 90 ദിവസം അമേരിക്ക സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരെ ഈ ഉപാധി ബാധിക്കും.
ജനുവരിയില്‍ അധികാരത്തിലേറിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ദേശീയ സുരക്ഷയെ മുന്നോട്ട് വച്ച് യു എസ് അതിര്‍ത്തി നിയന്ത്രണം ശക്തിപ്പെടുത്തുന്ന നടപടികള്‍ കൈക്കൊണ്ടുവരുകയാണ്. 2026 പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് കാനഡയും മെക്‌സിക്കോയുമായി ചേര്‍ന്ന് അമേരിക്ക ആതിഥേയത്വം വഹിക്കുന്നതോടൊപ്പം 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സും രാജ്യത്ത് നടക്കുന്നതിനാല്‍ അടുത്ത വര്‍ഷം വിദേശ യാത്രക്കാരുടെ ഒഴുക്ക് കൂടുമെന്ന് യു എസ് പ്രതീക്ഷിക്കുന്നു.
ട്രംപ് ഭരണകാലത്ത് മുമ്പും വിദ്യാര്‍ഥി വിസകളും എച്ച് 1 ബി പ്രവൃത്തി വിസകളും അപേക്ഷിക്കുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കാണിക്കണമെന്ന നിബന്ധന കൊണ്ടുവന്നിരുന്നു. അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള വിപുലമായ നടപടികളുടെ ഭാഗമായി ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, കരീബിയന്‍ മേഖലകളിലെ 19 രാജ്യങ്ങള്‍ക്കു നേരത്തെ ബാധകമായിരുന്ന യാത്രാ നിരോധനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്ന സൂചനയും അധികൃതര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വാഷിംഗ്ടണ്‍ ഡി സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെയുണ്ടായ വെടിവെപ്പ് ആക്രമണത്തില്‍ ഒരു അഫ്ഗാന്‍ പൗരന്‍ പ്രതിയായി നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് ഈ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
