സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വൈകിയ കേരളത്തിന് സുപ്രിം കോടതിയുടെ താക്കീത്

സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വൈകിയ കേരളത്തിന് സുപ്രിം കോടതിയുടെ താക്കീത്


ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ വൈകിയ കേരളത്തിന് സുപ്രിം കോടതിയുടെ താക്കീത്. നിശ്ചിത സമയത്തിനുള്ളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തില്ലെങ്കില്‍ ജനുവരി മുതല്‍ വന്‍ പിഴ ഈടാക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പാലാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ പ്രതിയായ ഹരിപ്രസാദ് വി നായര്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ മുന്നറിയിപ്പ് നല്‍കിയത്. 

കേരള ഹൗസിലെ നിയമഓഫീസര്‍ ഗ്രാന്‍സി ടി എസ് ഒപ്പിട്ട സത്യവാങ്മൂലം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ വൈകി ഫയല്‍ ചെയ്ത സത്യവാങ്മൂലം കോടതി രേഖകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ച കാര്യം സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് കിട്ടിയിട്ടില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. വൈകി ഫയല്‍ ചെയ്യുന്നതിലൂടെ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. ജനുവരി മുതല്‍ സത്യവാങ്മൂലം വൈകിയാല്‍ വന്‍ പിഴ ഈടാക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇനി താമസിച്ച് ഫയല്‍ ചെയ്താല്‍ പിഴ കൂടി തരേണ്ടിവരുമെന്ന് കോടതി കര്‍ശനമായി പറഞ്ഞു.