ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന് പിന്നാലെ ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി ശക്തിപ്പെടുത്തുന്നതിന് ആമസോണ്‍ 2030ഓടെ 35 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുമെന്ന് കമ്പനി ഡിസംബര്‍ 10ന് ന്യൂഡല്‍ഹിയില്‍ നടന്ന ആറാം ആമസോണ്‍ സംഭവ് സമ്മിറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആമസോണ്‍ 40 ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപിച്ചിട്ടുണ്ട്.
ചടങ്ങില്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കീസ്റ്റോണ്‍ സ്ട്രാറ്റജി പുറത്തിറക്കിയ സാമ്പത്തിക സ്വാധീന പഠനവും അവതരിപ്പിച്ചു. റിപ്പോര്‍ട്ട് പ്രകാരം, സമഗ്ര നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും മൂലം ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകനായി വളര്‍ന്നിട്ടുണ്ടെന്നും രാജ്യത്തിന്റെ ഇ-കൊമേഴ്സ് കയറ്റുമതികള്‍ക്കും തൊഴില്‍ സൃഷ്ടിക്കും കമ്പനി നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ലോജിസ്റ്റിക്സ് നെറ്റ്‌വര്‍ക്കുകള്‍, ഡേറ്റാ സെന്ററുകള്‍, ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍, ടെക്നോളജി പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി ആമസോണ്‍ വലിയ അടിസ്ഥാന സൗകര്യ ശൃംഖല നിര്‍മ്മിച്ചിട്ടുണ്ട്. കീസ്‌റ്റോണ്‍ റിപ്പോര്‍ട്ട് പ്രകാരം കമ്പനി ഇതിനകം തന്നെ 1.2 കോടി ചെറുകിട സംരംഭകരെ ഡിജിറ്റൈസ് ചെയ്തു, 20 ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്സ് കയറ്റുമതികള്‍ കൈവരിച്ചു. 2024-ല്‍ നേരിട്ടും പരോക്ഷമായും 2.8 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. മത്സരാധിഷ്ഠിത ശമ്പളവും ആരോഗ്യ സേവനവും നൈപുണ്യ പരിശീലനവും ഉള്‍പ്പെടുന്ന തൊഴില്‍ പരിരക്ഷാ സംവിധാനങ്ങളും ആമസോണ്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ പാക്കേജിംഗ്, ഗതാഗതം, നിര്‍മ്മാണം, ടെക് സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപക തൊഴില്‍ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ചെറുകിട വില്‍പ്പനക്കാരുടെ വളര്‍ച്ചയ്ക്കും ആമസോണ്‍ വലിയ പിന്തുണയായി.
2030ഓടെ ഫുള്‍ഫില്‍മെന്റും ഡെലിവറി നെറ്റ്വര്‍ക്കും അനുബന്ധ രംഗങ്ങളും കൂടി വ്യാപിപ്പിച്ച് ഒരു മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നതും അമസോണ്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ 15 വര്‍ഷത്തെ ആമസോണിന്റെ യാത്ര ആത്മനിര്‍ഭര്‍ ഭാരതത്തിന്റെയും വികസിത ഭാരതത്തിന്റെയും ദര്‍ശനവുമായി യോജിച്ചുനില്‍ക്കുന്നതാണെന്നു കമ്പനിയുടെ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ പറഞ്ഞു. ചെറുകിട സംരംഭകര്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ സൃഷ്ടി, ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആഗോള വിപണനത്തിന് നല്‍കുന്ന സഹായം എന്നിവയില്‍ ആമസോണ്‍ ശക്തമായ പങ്കാളിത്തം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍മിത ബുദ്ധി മേഖലയില്‍ വലിയ മുന്നേറ്റമാണ് ആമസോണ്‍ അടുത്ത ഘട്ടമായി ലക്ഷ്യമിടുന്നത്. 2030ഓടെ 1.5 കോടി ചെറുകിട സംരംഭകര്‍ക്ക് എഐ ടൂളുകള്‍ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് കമ്പനി പദ്ധതി. ഇപ്പോള്‍ തന്നെ വില്‍പ്പനക്കാരുടെ ഉപയോഗത്തിനായി സെല്ലര്‍ അസിസ്റ്റന്റ് പോലുള്ള എഐ അധിഷ്ഠിത ഉപകരണങ്ങളും ലെന്‍സ് എഐ, റഫസ് തുടങ്ങിയ പുതിയ ഷോപ്പിങ് അനുഭവങ്ങള്‍ നല്‍കുന്ന സംവിധാനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വായനാ- ഭാഷാ വെല്ലുവിളികള്‍ കുറയ്ക്കുന്നതിനായി ബഹുഭാഷാ ഡിജിറ്റല്‍ അനുഭവങ്ങളും വികസിപ്പിച്ചുവരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020-ന് അനുസരിച്ച് നാല് മില്യണ്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എഐ വിദ്യാഭ്യാസം, അധ്യാപക പരിശീലനം, പ്രായോഗിക പഠന സൗകര്യങ്ങള്‍, ടെക് കരിയറുകളിലേക്ക് മാര്‍ഗനിര്‍ദ്ദേശം എന്നിവയും ആമസോണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കയറ്റുമതിയിലെ വളര്‍ച്ചയും ആമസോണിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. നിലവില്‍ 20 ബില്യണ്‍ ഡോളറായ ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതിയെ 2030ഓടെ 80 ബില്യണ്‍ ഡോളറായി ഉയര്‍ത്താനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു. എഐ ജനാധിപത്യവത്ക്കരണം, ഒരു മില്യണ്‍ പുതിയ തൊഴില്‍ സൃഷ്ടിക്കല്‍, കയറ്റുമതി വര്‍ധന എന്നിവയിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ചയെ വേഗത്തിലാക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി.
