കോഴിക്കോട്: ഉസ്‌ബെക്കസ്ഥാനിലെ ഉന്നത ബഹുമതിയായ ഹീറോ ഓഫ് ദ കണ്‍ട്രി മലയാളി വിദ്യാര്‍ഥിക്ക്. വിമാനത്തില്‍ ജീവനും മരണത്തിനുമിടയില്‍പ്പെട്ട ഒരു യാത്രക്കാരിയുടെ ജീവന്‍ തിരികെപ്പിടിക്കാന്‍ പ്രയത്‌നിച്ച യുവ മെഡിക്കല്‍ ഇന്റേണ്‍ തിരൂര്‍ സ്വദേശിയായ 24കാരന്‍ ഡോ. അനീസ് മുഹമ്മദാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. താഷ്‌ക്കന്റ്- ഡല്‍ഹി വിമാനത്തിലുണ്ടായ അത്യാഹിത ഘട്ടത്തിലാണ് ഡോ. അനീസ് മുഹമ്മദ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.
ജൂലൈ 28-നായിരുന്നു സംഭവം. യാത്രയ്ക്കിടെ 48 വയസ്സുള്ള ഒരു വനിത പെട്ടെന്ന് ബോധംകെട്ടു വീഴുകയായിരുന്നു. വിമാനത്തില്‍ മെഡിക്കല്‍ സഹായം ആവശ്യപ്പെട്ട് നടത്തിയ പ്രഖ്യാപനം കേട്ട് ഡോ. അനീസ് മുന്നോട്ട് വരികയായിരുന്നു. ആശുപത്രി സൗകര്യങ്ങളോ ആവശ്യമായ ഉപകരണങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍, ആയിരങ്ങള്‍ അടി ഉയരത്തിലുള്ള വിമാനത്തില്‍ അദ്ദേഹം സ്ത്രീയെ പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് അസാധാരണമായി ഉയര്‍ന്ന കേസാണെന്ന് കണ്ടെത്തി തുടര്‍ന്ന് കരോട്ടിഡ് സൈനസ് മസാജ് നടപ്പിലാക്കിയതോടെ 10- 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവരുടെ നില മെച്ചപ്പെടുകയായിരുന്നു. വിമാനമിറങ്ങുന്നതുവരെ അവരെ നിരന്തരമായി നിരീക്ഷിക്കുകയും പിന്നീട് ഡല്‍ഹിയിലെ മെഡിക്കല്‍ സംഘത്തിന് കൈമാറുകയും ചെയ്തു.
ഡിസംബര്‍ നാലിന് ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഡോ. അനീസിന് ദേശീയ ബഹുമതി നല്‍കിയത്. ഇത് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പൗരനും ആദ്യ വിദേശ പൗരനുമാണ് അദ്ദേഹം. ഈ ബഹുമതി തനിക്കുള്ളതല്ലെന്നും കുടുംബാംഗങ്ങള്‍ക്കും ഗുരുക്കന്മാര്‍ക്കും സര്‍വകലാശാലയ്ക്കുമുള്ളതാണെന്നും ദൈവകൃപയാണിതെന്നും അദ്ദേഹം ചടങ്ങിന് ശേഷം വ്യക്തമാക്കി.
ദുബായില്‍ പഠിച്ച അനീസ് മുഹമ്മദ് ഇപ്പോള്‍ ഉസ്ബെക്കിസ്ഥാനിലെ താഷ്‌കെന്റ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്നുണ്ട്. പഠന ഇടവേളകളില്‍ കേരളത്തിലേക്ക് മടങ്ങി ആശുപത്രികളില്‍ സേവനം നടത്തുന്നത് പതിവാണെന്നും കേരളത്തിലെ രോഗികള്‍ നല്‍കുന്ന സ്‌നേഹമാണ് കൂടുതല്‍ പ്രചോദനമെന്നും അദ്ദേഹം പറയുന്നു. ഭാവിയില്‍ ട്രോമ സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യുകയെന്നതാണ് ലക്ഷ്യം; മാസ്റ്റര്‍ പഠനത്തിന് ആദ്യ മുന്‍ഗണന ഇന്ത്യയ്ക്കാണ്.
ഇന്റേണ്‍ ആയിരിക്കുമ്പോഴും അദ്ദേഹം സൂക്ഷ്മമായി ശസ്ത്രക്രിയാ രേഖകള്‍ പരിശോധിക്കുകയും ഇന്ത്യയില്‍ ഒരു വലിയ ബ്രസ്റ്റ് കാന്‍സര്‍ ശസ്ത്രക്രിയയില്‍ സഹായിച്ചതിലൂടെ നേരത്തെ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രോമ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മൈക്രോവാസ്‌കുലര്‍ റീകണ്‍സ്ട്രക്ഷന്‍ മേഖലകളാണ് അദ്ദേഹത്തിന് പ്രധാനമായും താത്പര്യം. മെഡിസിന് പുറത്ത് അനീസ് ഒരു എം എം എ, കിക്ക്ബോക്‌സിംഗ് പരിശീലകനുമാണ്. പരിശീലിപ്പിച്ച കുട്ടികളില്‍ ഒരാള്‍ അടുത്തിടെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.
ഹുസൈന്‍ പടശ്ശേരിയുടേയും റഹ്മത്ത് നിസ്സ ടി അറക്കലിന്റേയും മകനാണ് അനീസ് മുഹമ്മദ്. അമീന്‍ അഹ്സന്‍, റാന, ഫിദ എന്നിവര്‍ സഹോദരങ്ങളാണ്. താഷ്‌കെന്റ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ഔദ്യോഗിക കുറിപ്പിലൂടെ അദ്ദേഹത്തെ അഭിനന്ദിച്ചു.
