ഏഷ്യ-പസഫിക് മേഖലയില്‍ വീണ്ടും സംഘര്‍ഷം രൂപപ്പെട്ടിരിക്കുകയാണ്. ജപ്പാനും ചൈനയും തമ്മിലുള്ള കടുത്ത വാഗ്വാദങ്ങളുടെ പശ്ചാത്തലത്തില്‍, ചൈനീസ് യുദ്ധവിമാനങ്ങളോടൊപ്പം റഷ്യയും സംയുക്ത വ്യോമ പട്രോളിംഗ് നടത്തി. ദക്ഷിണകൊറിയക്കും ജപ്പാനുമടുത്തുള്ള ആകാശപരിധിയിലെ ഈ പറക്കലിനെ തുടര്‍ന്ന്, സിയോള്‍, ടോക്യോ എന്നിവിടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ അടിയന്തര വ്യോമനിരീക്ഷണം നടത്തി. ദക്ഷിണകൊറിയയുടെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് റഷ്യയുടെ ഏഴും, ചൈനയുടെ രണ്ടുംയുദ്ധ വിമാനങ്ങള്‍ കടന്നതായി ടോക്യോ വ്യക്തമാക്കി. സിയോള്‍ ശക്തമായ നയതന്ത്ര പ്രതിഷേധം അറിയിച്ചതിനൊപ്പം ആവര്‍ത്തിക്കുന്ന സംയുക്ത പറക്കലുകള്‍ ജപ്പാനെ ലക്ഷ്യം വെച്ചുള്ള ഗുരുതരമായ സൈനിക നീക്കങ്ങളാണെന്ന് ടോക്യോ മുന്നറിയിപ്പും നല്‍കി.
എന്നാല്‍ ഇത് പതിവ് വാര്‍ഷിക സംയുക്ത പട്രോളിംഗിന്റെ ഭാഗമെന്നു ചൈനയും റഷ്യയും വ്യക്തമാക്കുന്നുണ്ടെങ്കിലും, ജപ്പാന്‍-ചൈന ബന്ധം വര്‍ഷങ്ങളായി പതിവിനുവിപരീതമായി കടുത്ത നിലയിലേക്ക് നീങ്ങുകയാണ്. ജാപ്പനീസ് പ്രധാനമന്ത്രി സനയെ തകാഇച്ചിയുടെ തായ്‌വാന്‍ പ്രസ്താവനയോട് ചൈന കനത്ത പ്രതികരണം കാണിച്ച സാഹചര്യത്തിലാണ് ഈ പ്രതിസന്ധി രൂക്ഷമായത്. തായ്‌വാനെ ബീജിംഗ് പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാന്‍ സൈനികശേഷി ഉപയോഗിക്കുന്ന സാഹചര്യം ജപ്പാന്റെ നേര്‍ക്കുള്ള ആക്രമണ' ഭീഷണിയായി കണക്കാക്കാമെന്ന് തകാഇച്ചി പാര്‍ലമെന്റില്‍ പറഞ്ഞതാണ് വിവാദത്തിന് തുടക്കമിട്ടത്.
പ്രസ്താവനയെ തുടര്‍ന്ന് ചൈന ജപ്പാനെതിരെ രൂക്ഷമായ നിലപാടാണ് സ്വീകരിച്ചത്. സൈനിക പരിശീലനങ്ങള്‍ വര്‍ധിപ്പിക്കുകയും ജപ്പാന്റെ സൈനിക നീക്കങ്ങള്‍ അതിക്രമം എന്ന രീതിയില്‍ ചിത്രീകരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിജനറലിന് ഔപചാരിക കത്ത് നല്‍കുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സംസ്‌കാരമന്ത്രിമാരുടെ യോഗം റദ്ദാക്കുകയും ചൈനീസ് പൗരന്മാര്‍ ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഷാങ്ഹായ്-കോബേ-ഓസാക്കയിലൂടെ സര്‍വീസ് നടത്തിയിരുന്ന അന്താരാഷ്ട്ര ഫെറി ജിയാന്‍ ജെന്‍ ഹാവോ സര്‍വീസും നിര്‍ത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ തകാഇച്ചി പ്രസ്താവന പിന്‍വലിക്കണമെന്ന് മുന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ പന്ത്രണ്ടിലധികം ജാപ്പനീസ് പണ്ഡിതര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഏഷ്യ-പസഫിക് മേഖലയിലുടനീളം പടര്‍ന്നു നില്‍ക്കുന്ന യുദ്ധഭയങ്ങള്‍ക്കിടയില്‍, ചൈന-ജപ്പാന്‍ ബന്ധം ഇനി എങ്ങോട്ടാണ് പോകുന്നതെന്നത് തന്നെയാണ് ലോകം ഉറ്റുനോക്കുന്നത്.
ചൈന-ജപ്പാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു; റഷ്യന്‍ യുദ്ധവിമാനങ്ങളും രംഗത്ത്; ഏഷ്യ-പസഫിക് മേഖലയില്‍ യുദ്ധഭീതി
