ഇന്ത്യയില്‍ 17.5 ബില്യണ്‍ ഡോളറിന്റെ എഐ ഡേറ്റാ സെന്റര്‍ നിക്ഷേപം: മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതി

ഇന്ത്യയില്‍ 17.5 ബില്യണ്‍ ഡോളറിന്റെ എഐ ഡേറ്റാ സെന്റര്‍ നിക്ഷേപം: മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതി


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൃത്രിമ ബുദ്ധി (എഐ) അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 17.5 ബില്യണ്‍ ഡോളറിന്റെ വന്‍ ഡേറ്റാ സെന്റര്‍ നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. കമ്പനി സി.ഇ.ഒ സത്യ നദെല്ലയുടെ ഈ വര്‍ഷത്തെ രണ്ടാം ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ നിക്ഷേപ പ്രഖ്യാപനം വന്നത്. ഇതോടെ 2025 ല്‍ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്ത മൊത്തം നിക്ഷേപം 20.5 ബില്യണ്‍ ഡോളറിലെത്തി.

ജനുവരിയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചറിനും സ്‌കില്ലിംഗ് പദ്ധതികള്‍ക്കുമായി 3 ബില്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്ന മൈക്രോസോഫ്റ്റ്, ഇത്തവണ ഏഷ്യയില്‍ നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് വ്യക്തമാക്കി. പുതിയ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദില്‍ 2026 ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ ഡേറ്റാ സെന്ററും, ചെന്നൈ, മുംബൈ, പുണെ എന്നിവിടങ്ങളിലെ നിലവിലെ ഡേറ്റാ സെന്ററുകളുടെ വികസനവും ഉണ്ടാകും. ഇന്ത്യയിലെ ഡേറ്റാ സെന്ററുകളുടെ മൊത്തം ശേഷിയേക്കുറിച്ച് കമ്പനി വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമൊപ്പം ഡേറ്റ രാജ്യത്തിനകത്ത് സൂക്ഷിക്കുന്ന 'സോവറിന്‍ ക്ലൗഡ്' സേവനങ്ങളും മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. പുതിയ നിക്ഷേപത്തിന്റെ ഭാഗമായി 1 കോടി പേരെ കൂടി എഐ സ്‌കില്ലുകളില്‍ പരിശീലിപ്പിക്കുമെന്നും ഇതോടെ ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് എഐ ഉപകരണങ്ങളില്‍ പരിശീലനം നേടിയവരുടെ എണ്ണം 2 കോടി കടക്കുമെന്നുമാണ് കമ്പനി അറിയിച്ചത്.

ഇന്ത്യയിലെ എഐ-ഡേറ്റാ സെന്റര്‍ മേഖലയിലേക്ക് ആഗോള സാങ്കേതിക ഭീമന്മാരുടെ ഒഴുക്ക് ശക്തമാണെന്ന് ഈ പ്രഖ്യാപനം വ്യക്തമാക്കി. ഗൂഗിള്‍, ആമസോണ്‍ വെബ് സര്‍വീസസ്, ഓപ്പണ്‍ എഐ തുടങ്ങിയവയുമെല്ലാം ഇതിനകം വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചോ തയ്യാറാക്കിയോ കഴിഞ്ഞു. ആഭ്യന്തര രംഗത്ത് റിലയന്‍സ്, ടാറ്റ, എല്‍&ടി തുടങ്ങിയ വമ്പന്മാരും ഡേറ്റാ സെന്റര്‍ രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ്. 2025 ല്‍ മാത്രം ഇന്ത്യയിലെ എഐ - ഡേറ്റാ സെന്റര്‍ നിക്ഷേപം 42.5 ബില്യണ്‍ ഡോളറിലേറെയാണ്.

സര്‍ക്കാരുമായി മൈക്രോസോഫ്റ്റിന് ഏറെക്കാലമായി നിലനില്‍ക്കുന്ന ബന്ധവും നിയമാനുസൃതതയിലും സുരക്ഷയിലും ഉള്ള വിശ്വാസ്യതയും ഇന്ത്യയില്‍ എഐ വ്യാപക സ്വീകരണത്തിന് കമ്പനിക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എഐ മേഖലയില്‍ ഗൂഗിളിനൊപ്പം മത്സരിക്കുമ്പോള്‍ ചില വെല്ലുവിളികളുണ്ടെങ്കിലും, വന്‍തോതിലുള്ള സ്ഥാപനങ്ങള്‍ എഐ-നെ വ്യാപകമായി സ്വീകരിക്കുന്ന ഘട്ടത്തില്‍ മൈക്രോസോഫ്റ്റിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നുമാണ് വിലയിരുത്തല്‍.