സിഡ്‌നി: പതിനാറു വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം ഓസ്‌ട്രേലിയയില്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഇത്തരത്തില്‍ നിയന്ത്രണം നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. 16 വയസ്സിനു താഴെയുള്ള ഏകദേശം 50 ലക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് ഈ നിയമം ബാധകമാണ്. ഇതില്‍ 10 മുതല്‍ 15 വയസ്സ് വരെയുള്ള ഏകദേശം 10 ലക്ഷം കുട്ടികളാണുള്ളത്.
പുതിയ നിയമപ്രകാരം ഉപയോക്താക്കളുടെ പ്രായം ഉറപ്പാക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കാണ്. അവര്‍ പ്രായപരിധിക്ക് താഴെയുള്ളവര്‍ അക്കൗണ്ട് സൃഷ്ടിക്കുകയോ ആക്‌സസ് ചെയ്തുകയോ ചെയ്യാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിരവധി പ്രായ സ്ഥിരീകരണ രീതികള്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട് ഔദ്യോഗിക ഐ ഡി, മുഖം തിരിച്ചറിയല്‍, ശബ്ദം തിരിച്ചറിയല്‍ തുടങ്ങിയവ ഉള്‍പ്പെടെ പ്രായം സ്ഥിരീകരിക്കാന്‍ ഉപയോഗത്തിലുണ്ടാകും.
നിയമം പ്രാബല്യത്തില്‍ വരുമെന്ന സൂചനയ്ക്ക് പിന്നാലെ, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‌സ് തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റ കഴിഞ്ഞ ആഴ്ച തന്നെ 16 വയസ്സില്‍ താഴെയുള്ള ഓസ്‌ട്രേലിയന്‍ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. നിയമാനുസൃതമായി പ്രവര്‍ത്തിക്കാന്‍ പല തലങ്ങളിലുള്ള പരിശോധനാ സംവിധാനങ്ങള്‍ ആവശ്യമുണ്ടെന്ന് കമ്പനി അറിയിച്ചു.
ബാങ്ക് വിവരങ്ങള്‍, ഫോട്ടോ ഐ ഡി, സെല്‍ഫി അടിസ്ഥാനമാക്കിയുള്ള പരിശോധന തുടങ്ങിയ പ്രായ പരിശോധനാ സംവിധാനങ്ങള്‍ സ്‌നാപ്ചാറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
നിയന്ത്രണം എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. വി പി എന്‍ ഉപയോഗം, കുടുംബ അക്കൗണ്ടുകള്‍ പങ്കിടല്‍, വ്യാജ പ്രൊഫൈലുകള്‍ എന്നിവ വഴി നിയമം മറികടക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്‍സ്റ്റാഗ്രാം, ടിക്ടോക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യുട്യൂബ്, ത്രെഡ്‌സ്, എക്‌സ്, റെഡ്ഡിറ്റ്, കിക്ക്, ട്വിച്ച് തുടങ്ങി വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം നിരോധനം ബാധകമാണ്. എന്നാല്‍ യുട്യൂബ് കിഡ്‌സ്, ഗൂഗ്ള്‍ ക്ലാസ് റൂം പോലുള്ള വിദ്യാഭ്യാസ, ബാലസൗഹൃദ സേവനങ്ങളും വാട്‌സ്ആപ്പ് പോലുള്ള സന്ദേശ സേവനങ്ങളും പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്ക് തുടരാന്‍ സാധിക്കും.
ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഈ നീക്കത്തെ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ലോകത്ത് ആദ്യമായുള്ള ശ്രമം എന്ന് വിലയിരുത്തുന്നു. എന്നാല്‍ ടെക് കമ്പനികളും യുവാക്കളും ഈ നയം നടപ്പാക്കല്‍ ബുദ്ധിമുട്ടാണെന്നും പുതുമുഖങ്ങളുടെ ഡിജിറ്റല്‍ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന നടപടിയാണെന്നും വിമര്‍ശിക്കുന്നു.
നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പരമാവധി 49.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്തും.
വ്യാപകമായ പ്രായ പരിശോധനാ സംവിധാനം പ്രായോഗികമാക്കുന്നതില്‍ ഓസ്ട്രേലിയ പരീക്ഷണവേദിയായി മാറുന്നതോടെ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇതിനെ നിരീക്ഷിക്കുമെന്നാണ് വിലയിരുത്തല്‍.
