അമേരിക്കയിൽ പൗരത്വം റദ്ദാക്കൽ നടപടികൾ വേഗത്തിൽ; നൂറുകണക്കിന് പേരെ പരിശോധിക്കുന്നു

അമേരിക്കയിൽ പൗരത്വം റദ്ദാക്കൽ നടപടികൾ വേഗത്തിൽ; നൂറുകണക്കിന് പേരെ പരിശോധിക്കുന്നു


വാഷിംഗ്ടൺ: വിദേശത്ത് ജനിച്ച് അമേരിക്കയിൽ പൗരത്വം നേടിയവർക്കെതിരെ നടപടികൾ ശക്തമാക്കി നീങ്ങുകയാണ് ട്രംപ് ഭരണകൂടം. ഏകദേശം 300ഓളം ആളുകളെ പൗരത്വം റദ്ദാക്കാനുള്ള (ഡീനാച്ചുറലൈസേഷൻ) സാധ്യതയുള്ള കേസുകൾ പരിശോധിക്കുന്നതായി യു.എസ് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്രയും വ്യാപകമായ നടപടി ആദ്യമായിരിക്കാമെന്നാണ് വിലയിരുത്തൽ.

 രാജ്യത്തുടനീളമുള്ള വിവിധ ഓഫീസുകളിൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ ഇതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 'പൗരത്വം നേടുന്നതിനിടെ തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സൂക്ഷ്മതയോടെ പരിശോദിക്കുകയാണ്' എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാൻഷിന്റെയും നേതൃത്വത്തിലുള്ള ഈ നീക്കം 'വേഗത്തിൽ' പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സാധാരണയായി വളരെ അപൂർവമായി മാത്രമേ ഡീനാച്ചുറലൈസേഷൻ നടപടികൾ സ്വീകരിക്കാറുള്ളു. യുദ്ധക്കുറ്റങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, അല്ലെങ്കിൽ പൗരത്വം നേടുന്നതിനിടെ നടത്തിയ തട്ടിപ്പുകൾ പോലുള്ള ഗുരുതര കേസുകളിലാണ് ഇത്തരം നടപടി ഉണ്ടായിരുന്നത്. ട്രംപിന്റെ ആദ്യ കാലയളവിൽ മൊത്തം 102 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന നീക്കം ആ എണ്ണത്തെ വേഗത്തിൽ മറികടക്കുമെന്നാണ് സൂചന.

ഇതിനായി യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (U-S-C-I-S) രാജ്യത്തുടനീളമുള്ള ഓഫീസുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ മാസവും 100 മുതൽ 200 വരെ കേസുകൾ നീതിന്യായ വകുപ്പിലേക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നത്.

ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർ, യുദ്ധക്കുറ്റങ്ങളിലോ പീഡനങ്ങളിലോ പങ്കുണ്ടായവർ, മെഡിക്കെയ്ഡ്  മെഡികെയർ തട്ടിപ്പ് ഉൾപ്പെടെയുള്ള സർക്കാർ തട്ടിപ്പുകളിൽ പ്രതികളായവർ എന്നിവരെ മുൻഗണന നൽകി പരിശോധിക്കാനാണ് നിർദേശം. എന്നാൽ ഇപ്പോൾ പരിശോധിക്കുന്ന 300ഓളം പേരെ ഏതെല്ലാം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തെരഞ്ഞെടുത്തതാണ് എന്നത് വ്യക്തമല്ല.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. വലിയ തോതിലുള്ള നാടുകടത്തൽ, നഗരങ്ങളിലുടനീളം ഐസിഇ (ICE) റെയ്ഡുകൾ, തടങ്കൽ കേന്ദ്രങ്ങളുടെ നിർമാണം എന്നിവ ഉൾപ്പെടെയുള്ള നടപടികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

അമേരിക്കയിൽ ഓരോ വർഷവും ഏകദേശം 8 ലക്ഷം ആളുകൾ പൗരത്വം നേടുന്നുവെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നൂറുകണക്കിന് പേരെ ലക്ഷ്യമിട്ട് പൗരത്വം റദ്ദാക്കൽ നടപടികൾ വേഗത്തിലാക്കുന്നത്.