വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെതിരെ പഴയ കേസുകൾ വീണ്ടും ചർച്ചയാകുന്നു. യുവാവായിരുന്ന കാലത്ത് ഉണ്ടായ മദ്യവുമായി ബന്ധപ്പെട്ട രണ്ട് അറസ്റ്റുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ വിവാദം ശക്തമായത്.
2005ൽ ഫ്‌ളോറിഡ ബാർ അപേക്ഷയുടെ ഭാഗമായി എഴുതിയ കത്തിലാണ് ഈ സംഭവങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ദി ഇന്റർസെപ്റ്റ് പുറത്തുവിട്ട രേഖകളിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. അന്ന് തന്റെ തൊഴിലുടമയുടെ നിർദേശപ്രകാരം എഴുതിയ കത്തിലാണ് പട്ടേൽ ഈ സംഭവങ്ങൾ രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കത്തിൽ പറയുന്നതനുസരിച്ച്, 2005ൽ പേസ് യൂണിവേഴ്‌സിറ്റിയിൽ നിയമ വിദ്യാർഥിയായിരിക്കുമ്പോൾ സുഹൃത്തുക്കളുമായി ബാറുകളിൽ പോയ ശേഷം മദ്യപിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതായി പട്ടേൽ സമ്മതിച്ചു. പിന്നീട് പിഴ അടച്ച് കേസ് തീർത്തതായും അദ്ദേഹം രേഖപ്പെടുത്തി.
ഇതിന് മുൻപ് 2001ൽ, റിച്ച്മണ്ട് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ പൊതുസ്ഥലത്ത് മദ്യപിച്ചതിനും അറസ്റ്റ് ചെയ്തിരുന്നു. അന്ന് 21 വയസിന് താഴെയായിരുന്ന പട്ടേൽ രണ്ട് ഡ്രിങ്ക്‌സ് കഴിച്ചതായി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിലും പിഴ അടച്ചാണ് വിട്ടയച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, പുതിയ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. മദ്യപാനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പട്ടേലിന്റെ വക്താവ് എറിക്ക നൈറ്റ് ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ മുഴുവൻ പശ്ചാത്തലവും പരിശോധിച്ച ശേഷമാണ് ഈ പദവിയിലേക്ക് നിയമിച്ചതെന്നും, ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു.
അതേസമയം, ഇറ്റലിയിൽ യു.എസ് ഒളിമ്പിക് ഹോക്കി ടീമിനൊപ്പം ബിയർ കഴിക്കുന്നതായി കാണിക്കുന്ന വീഡിയോയും, വാഷിംഗ്ടണിലും ലാസ് വെഗാസിലും സ്വകാര്യ ക്ലബ്ബുകളിൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന റിപ്പോർട്ടുകളും വിവാദത്തിന്റെ ആക്കം കൂട്ടി.
എന്നാൽ ഈ ആരോപണങ്ങളെല്ലാം പട്ടേൽ നിഷേധിച്ചു. തന്റെ പേരിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ 250 മില്യൺ ഡോളറിന്റെ അപകീർത്തി കേസ് ഫയൽ ചെയ്തതായും അദ്ദേഹം അറിയിച്ചു. 'ജോലിക്കിടെ ഒരിക്കലും മദ്യലഹരിയിൽ ആയിട്ടില്ല,' എന്ന് പറഞ്ഞ അദ്ദേഹം, ആരോപണങ്ങൾ കോടതി വഴി നേരിടാൻ തയ്യാറാണെന്നും വ്യക്തമാക്കി.
കാഷ് പട്ടേൽ രണ്ടുതവണ അറസ്റ്റുചെയ്യപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്; പഴയ കേസുകൾ വീണ്ടും ചർച്ചയിൽ; ആരോപണങ്ങൾ തള്ളി പ്രതികരണം
