ന്യൂഡല്‍ഹി: പേ ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇനിമുതല്‍ പേ ടിഎമ്മിന് ഇന്ത്യയില്‍ ബാങ്കിങ് ചെയ്യാന്‍ സാധിക്കില്ല. ബാങ്ക് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കി. ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനാലാണ് നടപടി.
നിക്ഷേപരുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തിലല്ല ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും ബാങ്ക് മാനേജ്‌മെന്റില്‍ പ്രശ്‌നങ്ങളുണ്ടെന്നും ആര്‍ ബി ഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിനെ തുടരാന്‍ അനുവദിക്കുന്നതിലൂടെ പൊതുസമൂഹത്തിന് ഗുണം ലഭിക്കില്ലെന്നും ബാങ്ക് ലൈസന്‍സുമായി ബന്ധപ്പെട്ട നിയമങ്ങളം ചട്ടങ്ങളും ലംഘിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് പൂട്ടുന്നതിനുള്ള ദീര്‍ഘ നടപടികളുടെ ഭാഗമായാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. 2022ലാണ് പേ ടിഎം ബാങ്കിനെതിരെയുള്ള നടപടികള്‍ ആരംഭിച്ചത്. പുതുതായി നിക്ഷേപം സ്വീകരിക്കരുതെന്നും ഉപയോക്താക്കളെ ചേര്‍ക്കരുതെന്നും ബാങ്കിന് നിര്‍ദേശം നല്‍കിയിരുന്നു.
