എ ഐ സാങ്കേതികവിദ്യ മോഷ്ടിച്ചുവെന്ന യു എസ് ആരോപണങ്ങള്‍ തള്ളി ചൈന

എ ഐ സാങ്കേതികവിദ്യ മോഷ്ടിച്ചുവെന്ന യു എസ് ആരോപണങ്ങള്‍ തള്ളി ചൈന


ബീജിംഗ്: വൈറ്റ് ഹൗസിന്റെ ആരോപണങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ ശക്തമായ മറുപടി നല്‍കി.  അമേരിക്കന്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ മോഷ്ടിക്കാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രചാരണത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ 'പൂര്‍ണ്ണമായും അടിസ്ഥാനരഹിതവും' 'അപകീര്‍ത്തികരവുമായ അപവാദം' ആണെന്ന് പറഞ്ഞു. ബീജിംഗില്‍ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനോടുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. 

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഡയറക്ടര്‍ മൈക്കല്‍ ക്രാറ്റ്‌സിയോസ് പുറത്തിറക്കിയ പ്രസ്താവനയെ  തുടര്‍ന്നാണ് നയതന്ത്ര തലത്തില്‍ പൊട്ടിത്തെറിയുണ്ടായത്. 

സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതന യു എസ് എ ഐ സിസ്റ്റങ്ങളില്‍ നിന്ന് കഴിവുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള 'വ്യാവസായിക-തല' ശ്രമങ്ങളില്‍ ചൈനീസ് സ്ഥാപനങ്ങള്‍ ഏര്‍പ്പെടുന്നതായി ഭരണകൂടം ആരോപിച്ചു.

ഈ വിദേശ സ്ഥാപനങ്ങള്‍ പതിനായിരക്കണക്കിന് പ്രോക്‌സികളും ജയില്‍ബ്രേക്കിംഗ് ടെക്‌നിക്കുകളും ഉപയോഗിച്ച് അമേരിക്കന്‍ മുന്നേറ്റങ്ങള്‍ വ്യവസ്ഥാപിതമായി പുറത്തെടുക്കുന്നുവെന്നും ഏകോപിത കാമ്പെയ്നുകളില്‍ ഇവ ഉപയോഗിക്കുന്നതായും അത്തരം ദുര്‍ബലമായ അടിത്തറകളില്‍ പണിയുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന മോഡലുകളുടെ സമഗ്രതയിലും വിശ്വാസ്യതയിലും വലിയ ആത്മവിശ്വാസം ഉണ്ടാകരുതെന്നും ക്രാറ്റോസിയോസ് പറഞ്ഞു.

ചൈനീസ് ടെക് മേഖലയിലെ പ്രധാന മുന്നേറ്റങ്ങളുമായാണ് ഈ വാക്ക്‌പോര് ബന്ധപ്പെടുന്നത്.  

വിവാദവും വാക്‌പോരുമുണ്ടായ അതേ ദിവസം തന്നെ ഹാങ്ഷൗ ആസ്ഥാനമായുള്ള എഐ സ്ഥാപനമായ ഡീപ് സീക് അതിന്റെ ഏറ്റവും പുതിയ മോഡലായ ഡീപ് സീക്-വി4 പുറത്തിറക്കി. ഇത് ജെമിനി പോലുള്ള മുന്‍നിര യു എസ് മോഡലുകളുടെ പ്രകടനവുമായി സാമ്യമുള്ളതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം കമ്പ്യൂട്ടിംഗ് ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. 

ചൈന 'കഴിയുന്നത് വാങ്ങുകയും ചെയ്യേണ്ടത് മോഷ്ടിക്കുകയും ചെയ്യുന്നു' എന്ന് യു എസ് ഉദ്യോഗസ്ഥര്‍ വാദിക്കുമ്പോള്‍ കാര്യക്ഷമതയിലും കുറഞ്ഞ ചെലവിലുള്ള ന്യായവാദ മോഡലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിയമാനുസൃതമായ മത്സര നേട്ടമാണെന്ന് ബീജിംഗ് വാദിക്കുന്നു.