ട്രംപ് ഭരണത്തിൽ ഏറ്റവും ദീർഘകാലം കുടിയേറ്റ തടങ്കൽ അനുഭവിച്ച അമ്മയും അഞ്ച് മക്കളും മോചിതർ

ട്രംപ് ഭരണത്തിൽ ഏറ്റവും ദീർഘകാലം കുടിയേറ്റ തടങ്കൽ അനുഭവിച്ച അമ്മയും അഞ്ച് മക്കളും മോചിതർ


ടെക്‌സാസ് : അമേരിക്കയിൽ കുടിയേറ്റ നിയമങ്ങളുടെ ഭാഗമായി 10 മാസത്തിലേറെ തടങ്കലിൽ കഴിഞ്ഞിരുന്ന ഒരു സ്ത്രീയും അവളുടെ അഞ്ച് മക്കളും കോടതി ഉത്തരവിനെ തുടർന്ന് മോചിതരായി. ട്രംപ് ഭരണകാലത്ത് ഒരു കുടുംബം ഏറ്റുവാങ്ങിയ ഏറ്റവും ദീർഘകാല തടങ്കലാണിത്.

ടെക്‌സസിലെ ഫെഡറൽ ജഡ്ജിയായ ഫ്രെഡ് ബിയറി വ്യാഴാഴ്ച നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹയം എൽ ഗമാൽയും 5 മുതൽ 18 വയസ്സ് വരെയുള്ള അഞ്ച് മക്കളും മോചിതരായത്. കഴിഞ്ഞ വർഷം കൊളറാഡോയിലെ ബോൾഡറിൽ നടന്ന തീകൊളുത്തൽ ആക്രമണവുമായി ബന്ധപ്പെട്ട് ഇവരുടെ മുൻ ഭർത്താവായ മുഹമ്മദ് സബ്രി സോളിമാനെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് കുടുംബത്തെ ഫെഡറൽ കസ്റ്റഡിയിൽ എടുത്തത്.

ആക്രമണത്തിൽ പരിക്കേറ്റ 82 കാരി പിന്നീട് മരണപ്പെട്ടു. സോളിമാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എൽ ഗമാൽ വിവാഹമോചനം നേടിയതായും ആക്രമണത്തെ അവൾ അപലപിച്ചതായും റിപ്പോർട്ടുകളുണ്ട്.

കുടുംബത്തിന് സംഭവത്തിൽ മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും നിയമവിരുദ്ധമായാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചതെന്നും അഭിഭാഷകർ വ്യക്തമാക്കി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിന് എത്രത്തോളം അറിവുണ്ടായിരുന്നു എന്നത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി.

മോചിതരായെങ്കിലും എൽ ഗമാലിനും മുതിർന്ന മകളായ ഹബീബ സോളിമാനിനും ഇലക്ട്രോണിക് നിരീക്ഷണ ഉപകരണമായ ആങ്കിൾ മോണിറ്റർ ധരിക്കേണ്ടതുണ്ട്.

തടങ്കലിനിടെ കുടുംബത്തിന്റെ ആരോഗ്യനില മോശമായതായി അഭിഭാഷകർ ആരോപിച്ചു. എൽ ഗമാലിന് ഗുരുതരമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതായും പരിശോധനയിൽ ഹൃദയത്തിനുചുറ്റും ദ്രാവകം കണ്ടെത്തിയതായും അറിയിച്ചു. കുട്ടികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടായതായും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ആവശ്യമായ വൈദ്യസഹായവും നിയമപരമായ നടപടികളും കുടുംബത്തിന് ലഭിച്ചുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. കോടതി വിധിയെ വിമർശിച്ച വകുപ്പ്, 'ഭീകരവാദിയുടെ കുടുംബത്തെ സമൂഹത്തിലേക്ക് വിട്ടയച്ച നടപടിയാണിത് '' എന്നും ആരോപിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ കഠിനമായ കുടിയേറ്റ നടപടികൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ വിമർശനം ഉയർത്തുന്നുണ്ട്. തടങ്കൽ കേന്ദ്രങ്ങളിലെ സാഹചര്യം മാനുഷികമല്ലെന്നാരോപിച്ചും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അതേസമയം ഈ നടപടികൾ രാജ്യസുരക്ഷ ഉറപ്പാക്കാനാണെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.