നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി; പാർലമെന്റ് സസ്‌പെൻഡ് ചെയ്തു; ആഭ്യന്തര മന്ത്രി രാജിവച്ചു

നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി; പാർലമെന്റ് സസ്‌പെൻഡ് ചെയ്തു; ആഭ്യന്തര മന്ത്രി രാജിവച്ചു


കാഠ്മണ്ഡു:  നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഫെഡറൽ പാർലമെന്റിന്റെ ഇരുസഭകളുടെയും സമ്മേളനം പ്രസിഡന്റ് രാംചന്ദ്ര പൗഡൽ സസ്‌പെൻഡ് ചെയ്തു. ഏപ്രിൽ 30ന് സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത നടപടി. 'പ്രത്യേക കാരണങ്ങൾ' ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയുടെ ശുപാർശപ്രകാരം സഭ നിർത്തിവെച്ചതെന്ന് പ്രസിഡന്റ് ഓഫീസ് അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

സമ്മേളനം വിളിച്ചുകൂട്ടാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മുതിർന്ന പാർലമെന്റ് അംഗവും നേപ്പാളി കോൺഗ്രസ് നേതാവുമായ അർജുൻ നർസിംഗ് കെ.സി. പ്രതികരിച്ചു. ഇത് അപൂർവവും അതിശയകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രാജിവച്ചു. തന്റെ നിക്ഷേപങ്ങളും മറ്റ് കാര്യങ്ങളും അന്വേഷിക്കപ്പെടണമെന്നും, നൈതികത സ്ഥാനത്തേക്കാൾ പ്രധാനമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ സെപ്തംബറിൽ നടന്ന ജെൻ Z പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി, മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് എന്നിവരെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതോടെ ഗുരുങ് വാർത്തകളിൽ ശ്രദ്ധേയനായിരുന്നു.

പുതുതായി രൂപീകരിച്ച സർക്കാരിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഗുരുങ്. ഏപ്രിൽ 9ന് തൊഴിൽ മന്ത്രി ദീപ് കുമാർ സാഹയെ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പദവിയിൽ നിന്ന് നീക്കിയിരുന്നു. ഭാര്യയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് ബോർഡിൽ നിയമനം നേടാൻ അധികാരം ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് നടപടി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല താൽക്കാലികമായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തന്നെ വഹിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അഴിമതി വിരുദ്ധ വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്ന രാഷ്ട്രിയ സ്വതന്ത്ര പാർട്ടിയുടെ നേതാവാണ്  'ബാലൻ' എന്നറിയപ്പെടുന്ന ഷാ. കഴിഞ്ഞ വർഷം നടന്ന ജെൻ Z പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പരമ്പരാഗത പാർട്ടികളെ പരാജയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിലെത്തിയത്.