ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി ഉയരുന്നു; ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്

ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി ഉയരുന്നു; ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്


യുഎഇ:  ഇറാൻ തലസ്ഥാനമായ ടെഹ്രാനിൽ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയതോടെ മധ്യപൂർവ്വേഷ്യയിൽ സംഘർഷ ഭീഷണി ശക്തമായി. 'എതിരാളികളുടെ ആക്രമണങ്ങളെ' തടയുന്നതിനായാണ് വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിപ്പിച്ചതെന്ന് സർക്കാർ നിയന്ത്രിത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരമൊട്ടാകെ സുരക്ഷാ സംവിധാനങ്ങൾ ഉയർന്ന ജാഗ്രതയിലാണ്.

ഈ സാഹചര്യം ആഗോള ഊർജ വിപണിയെയും ഉടനടി ബാധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 5 ശതമാനത്തിലധികം ഉയർന്ന് 107 ഡോളറായി വർധിച്ചു. ഡബ്ല്യുടിഐ ക്രൂഡ് 98 ഡോളറിനടുത്തെത്തിയപ്പോൾ മുർബാൻ ക്രൂഡും 104 ഡോളറിന് മുകളിലേക്ക് കുതിച്ചു. മധ്യപൂർവ്വേഷ്യയിലെ വിതരണ തടസ്സ സാധ്യതകളാണ് നിക്ഷേപകരിൽ ആശങ്ക ഉയർത്തിയത്. ഇതിന് വിപരീതമായി പ്രകൃതി വാതകത്തിന്റെ വില കുറഞ്ഞു.

ഇതിനിടെ സംഘർഷം കൂടുതൽ രൂക്ഷമാകാമെന്ന സൂചന നൽകി ഇസ്രയേൽ രംഗത്തെത്തി. അമേരിക്കയുടെ അനുമതി ലഭിച്ചാൽ ഇറാനെതിരെ സൈനിക നടപടി ശക്തിപ്പെടുത്താൻ തയാറാണെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് അറിയിച്ചു. പ്രതിരോധത്തിനും ആക്രമണത്തിനുമായി സൈന്യം പൂർണ സജ്ജമാണെന്നും ആക്രമണ ലക്ഷ്യങ്ങൾ ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനോടകം നേരിട്ടുള്ള ആക്രമണങ്ങളോ ആളപായമോ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ സജീവതയും ഇസ്രയേലിന്റെ നിലപാടും വ്യാപകമായ പ്രദേശിക സംഘർഷ സാധ്യതകളെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇറാൻ ഉൾപ്പെടുന്ന ഏത് സംഘർഷ സാധ്യതയും ആഗോള വിപണിയിൽ, പ്രത്യേകിച്ച് എണ്ണവിലയിൽ, വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സംഘർഷ സാഹചര്യം കൂടുതൽ കടുപ്പത്തിലേക്ക് നീങ്ങുമ്പോൾ ആഗോള വിപണികളും രാജ്യങ്ങളും മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തുടർ വർധനവുകൾ ഉണ്ടാകുന്ന പക്ഷം അതിന് ദൂരെവ്യാപകമായ രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നു.