കൊൽക്കത്ത/ ചെന്നൈ: വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടർമാരുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നന്ദി രേഖപ്പെടുത്തി.
പശ്ചിമബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിൽ ഏകദേശം 92 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, തമിഴ്‌നാട്ടിൽ ഇത് 85 ശതമാനത്തോട് അടുത്തതായി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയായതും ശ്രദ്ധേയമാണ്.
പശ്ചിമബംഗാളിലെ പല ജില്ലകളിലും 90 ശതമാനത്തിന് മുകളിലുള്ള വോട്ടിംഗ് രേഖപ്പെടുത്തി. ദക്ഷിണ ദിനാജ്പുർ 94.85 ശതമാനവുമായി മുന്നിലാണ്. കൂച്ച് ബിഹാർ 94.54%, ബിർഭൂം 93.70%, ജൽപൈഗുരി 93.23%, മുർഷിദാബാദ് 92.93% എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ കണക്ക്. സംസ്ഥാനമൊട്ടാകെ ഉയർന്ന പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിലും ശക്തമായ വോട്ടിംഗ് നിലനിന്നു. കരൂർ 92.48 ശതമാനവുമായി മുന്നിൽ നിൽക്കുമ്പോൾ സേലം 90.42%, ധർമപുരി 90.02%, ഈറോഡ് 89.97%, നാമക്കൽ 89.63% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
ഇതിനിടെ, ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രവണതകൾ അനുകൂലമാണെന്നും തൃണമൂൽ കോൺഗ്രസ് വിജയത്തിലേക്ക് നീങ്ങുകയാണെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. മറുവശത്ത്, കൃഷ്ണനഗറിൽ നടന്ന റാലിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉയർന്ന വോട്ടിംഗ് മാറ്റത്തിനുള്ള ജനവിധിയാണെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി ഹിംസ കുറഞ്ഞ രീതിയിൽ വോട്ടെടുപ്പ് നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ റെക്കോർഡ് പോളിംഗ്; പശ്ചിമബംഗാളിൽ 92%, തമിഴ്‌നാട്ടിൽ 85% പങ്കാളിത്തം
