മൈന്‍ നിക്ഷേപിക്കുന്ന കപ്പലുകളെ വെടിവെച്ച് തകര്‍ക്കണമെന്ന് ട്രംപ്

മൈന്‍ നിക്ഷേപിക്കുന്ന കപ്പലുകളെ വെടിവെച്ച് തകര്‍ക്കണമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍ ഹോര്‍മുസ് കടലിടുക്കില്‍ മൈന്‍ നിക്ഷേപിക്കുന്ന ഏതൊരു കപ്പലിനു നേരെയും വെടിയുതിര്‍ക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ നാവികസേനയ്ക്ക് ഉത്തരവ് നല്കി. സമുദ്ര സുരക്ഷാ നടപടികളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ സൂചനയാണിത്. 

അത്തരം നടപടി സ്വീകരിക്കുന്നതില്‍ 'ഒരു മടിയും' പാടില്ലെന്നും മേഖലയില്‍ യു എസ് തങ്ങളുടെ നാവിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണെന്നും ട്രംപ് പറഞ്ഞു. മൈന്‍ നീക്കം ചെയ്യല്‍ ശ്രമങ്ങള്‍ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും അത് ഗണ്യമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്കില്‍ മൈന്‍ നിക്ഷേപിക്കുന്ന ഏതൊരു ബോട്ടിനെയും വെടിവച്ച് തകര്‍ക്കാന്‍ താന്‍  യു എസ് നാവികസേനയോട് ഉത്തരവിട്ടിട്ടുണ്ടെന്നും  ചെറിയ ബോട്ടുകളാണെങ്കിലും ഒരു മടിയും വേണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ എഴുതി.

ഇസ്ലാമാബാദില്‍ നടന്ന ആദ്യവട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ഇരുവിഭാഗത്തെയും ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണ്. അതിനിടയിലാണ് പുതിയ നിര്‍ദ്ദേശം വരുന്നത്.

ആദ്യ ചര്‍ച്ചയില്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നറുമാണ് പങ്കെടുത്തത്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമാണ് ഇറാന്‍ പ്രതിനിധി സംഘത്തെ നയിച്ചത്.

താത്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയിട്ടും നാവിക ഉപരോധം തുടരുന്നതില്‍ ട്രംപ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്.