പുകവലിക്കെതിരെ കടുത്ത നീക്കവുമായി യു.കെ: 2009ന് ശേഷം ജനിച്ചവർക്ക് ജീവിതകാലം മുഴുവൻ സിഗരറ്റ് വിലക്ക്

പുകവലിക്കെതിരെ കടുത്ത നീക്കവുമായി യു.കെ: 2009ന് ശേഷം ജനിച്ചവർക്ക് ജീവിതകാലം മുഴുവൻ സിഗരറ്റ് വിലക്ക്


ലണ്ടൻ: പുകവലി പൂർണമായും ഇല്ലാതാക്കുന്ന 'സ്‌മോക്ക് ഫ്രീ ജനറേഷൻ' സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് യുണൈറ്റഡ് കിംഗ്ഡം ചരിത്രപരമായ നിയമം പാസാക്കി. 2009 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് ജീവിതകാലം മുഴുവൻ സിഗരറ്റ് വാങ്ങാൻ കഴിയാത്തവിധം കർശന നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ 'ടുബാക്കോ ആൻഡ് വേപ്‌സ് ബിൽ' പ്രകാരം, പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപ്രായം ഓരോ വർഷവും ഒരുവർഷം വീതം ഉയർത്തും. ഇതോടെ നിലവിൽ 17 വയസും അതിൽ താഴെയും പ്രായമുള്ളവർക്കും ഇനിയും ജനിക്കാനിരിക്കുന്നവർക്കും ഒരിക്കലും നിയമപരമായി സിഗരറ്റ് വാങ്ങാനാകില്ല.

അടുത്ത ആഴ്ച രാജകീയ അനുമതി ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ, വേപ്പിംഗ് ഉൽപ്പന്നങ്ങൾക്കും കർശന നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. 18 വയസിന് താഴെയുള്ളവർക്ക് വേപ്പുകളും നിക്കോട്ടിൻ ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിക്കുകയും പരസ്യങ്ങൾ, ഓഫറുകൾ, ഡിസ്‌കൗണ്ടുകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും.

യുവാക്കളിൽ നിക്കോട്ടിൻ അടിമത്തം കുറയ്ക്കുകയും പുകവലി നിരക്ക് താഴ്ത്തുകയും ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ ദീർഘകാലത്ത് ആരോഗ്യ മേഖലയിലുള്ള സമ്മർദ്ദവും കുറയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ആരോഗ്യവകുപ്പ് കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിൽ മാത്രം ഓരോ വർഷവും ഏകദേശം 64,000 മരണങ്ങൾക്കും 4 ലക്ഷം ആശുപത്രി പ്രവേശനങ്ങൾക്കും പുകവലിയാണ് കാരണം. ദേശീയ ആരോഗ്യ സേവനത്തിന് വർഷത്തിൽ ഏകദേശം 3 ബില്യൺ പൗണ്ട് ചെലവും സമ്പദ്‌വ്യവസ്ഥയ്ക്ക് 20 ബില്യൺ പൗണ്ടിൽ കൂടുതൽ നഷ്ടവുമാണ് ഉണ്ടാകുന്നത്.

ഇതിനൊപ്പം, യുവാക്കളിൽ വേപ്പിംഗ് വ്യാപകമാകുന്നതും നിക്കോട്ടിൻ ആശ്രിതത്വം വർധിക്കുന്നതുമുള്ള ആശങ്കകൾ ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ വർഷം തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വേപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു. പുതിയ നിയമം ഇതിനെ കൂടുതൽ ശക്തമാക്കുന്നതാണ്. പുകയില, വേപ്പ് ഉൽപ്പന്നങ്ങളുടെ ഫ്‌ളേവറുകളും പാക്കേജിംഗും നിയന്ത്രിക്കാൻ മന്ത്രിമാർക്ക് അധിക അധികാരവും നൽകിയിട്ടുണ്ട്.

പുകവലി വിരുദ്ധ പ്രവർത്തനങ്ങളിൽ യു.കെ. എടുത്ത ഈ തീരുമാനം മറ്റ് രാജ്യങ്ങൾക്കും മാതൃകയാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധർ.