ഇന്ത്യയ്‌ക്കെതിരെ വംശീയ പരാമർശങ്ങളുള്ള കത്ത് പങ്കുവെച്ച് ട്രംപ്; പൗരത്വ നിയമം വീണ്ടും ചർച്ചയിൽ

ഇന്ത്യയ്‌ക്കെതിരെ വംശീയ പരാമർശങ്ങളുള്ള കത്ത് പങ്കുവെച്ച് ട്രംപ്; പൗരത്വ നിയമം വീണ്ടും ചർച്ചയിൽ


വാഷിംഗ്ടൺ: ജന്മാവകാശ പൗരത്വത്തെച്ചൊല്ലിയുള്ള വിവാദം വീണ്ടും ശക്തമാകുന്നതിനിടെ, വംശീയ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ചകൾക്ക് തുടക്കമിട്ടു. റേഡിയോ അവതാരകൻ മൈക്കൽ സാവേജ് തയ്യാറാക്കിയ നാല് പേജുകളുള്ള കത്താണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ അപകീർത്തിപരമായ രീതിയിൽ വിശേഷിപ്പിക്കുന്ന ഭാഗങ്ങളാണ് കത്തിൽ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ ജനനത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന ആരോപണവും സാവേജ് ഉയർത്തുന്നു. വിദേശങ്ങളിൽനിന്ന് ആളുകൾ അമേരിക്കയിലെത്തി കുട്ടികളെ പ്രസവിപ്പിച്ച് അവർക്ക് ഉടൻ പൗരത്വം ലഭ്യമാക്കുകയും തുടർന്ന് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുകയും ചെയ്യുന്നതായാണ് കത്തിലെ വാദം.

അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന രീതിയിൽ മാറ്റം വേണമെന്ന ആവശ്യവുമായാണ് സാവേജ് രംഗത്തെത്തിയത്. ഈ വിഷയത്തിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

കാലിഫോർണിയയിലെ സാങ്കേതിക മേഖലയിലെ തൊഴിൽ അവസരങ്ങളിൽ ഇന്ത്യയിലും ചൈനയിലും നിന്നുള്ളവർ ആധിപത്യം പുലർത്തുന്നുവെന്നാരോപിച്ചും കത്തിൽ പരാമർശമുണ്ട്. ഇതുവഴി മറ്റ് വിഭാഗങ്ങൾക്ക് അവസരങ്ങൾ കുറയുന്നുവെന്നും സാവേജ് അഭിപ്രായപ്പെടുന്നു.

ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനം കോടതികളോ അഭിഭാഷകരോ മാത്രം എടുക്കേണ്ട കാര്യമല്ലെന്നും രാജ്യവ്യാപകമായ ജനവിധിയിലൂടെ തീരുമാനിക്കണമെന്നുമാണ് കത്തിൽ നിർദ്ദേശിക്കുന്നത്. കുടിയേറ്റ നയങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനെതിരെ കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

കുടിയേറ്റക്കാർ പൊതുസേവനങ്ങൾ ഉപയോഗിക്കുന്നത് നികുതിദായകർക്ക് സാമ്പത്തികഭാരമാകുന്നുവെന്നും, ഇത് രാജ്യത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വഭാവത്തെ ബാധിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജന്മാവകാശ പൗരത്വം സംബന്ധിച്ച് കടുത്ത നിലപാട് മുൻപും സ്വീകരിച്ചിട്ടുള്ള ട്രംപ്, ഈ നിയമത്തിൽ മാറ്റം വരുത്താൻ ഭരണകാലത്ത് ശ്രമിച്ചിരുന്നു. മാതാപിതാക്കളിൽ ഒരാൾ എങ്കിലും യുഎസ് പൗരനോ സ്ഥിരതാമസക്കാരനോ ആയിരിക്കണം കുട്ടിക്ക് പൗരത്വം നൽകാൻ എന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും കേസുകൾ നിലനിന്നിരുന്നു.

സംഭവം അമേരിക്കയിലെ കുടിയേറ്റ നയത്തെയും പൗരത്വ വ്യവസ്ഥകളെയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ വീണ്ടും കടുപ്പിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.