കൈവ് : റഷ്യ-യുക്രെയിൻ യുദ്ധം നാലുവർഷത്തിലേറെ നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ, മുന്നണിയിലെ ചില യുക്രെയിൻ സൈനികരുടെ ദയനീയ അവസ്ഥയെ വെളിവാക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. അസ്ഥിപഞ്ചരമായി ക്ഷീണിച്ച സൈനികരുടെ ചിത്രങ്ങൾ കണ്ടതോടെ വലിയ ആശങ്കയും വിമർശനവും ഉയർന്നിരിക്കുകയാണ്.
'ഐ.പെട്രോവ്‌ന' എന്ന അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളിൽ മുന്നണിയിലെ സൈനികർ ഭക്ഷണവും വെള്ളവും ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി കാണിക്കുന്നു. ചിലർ ബോധക്ഷയം നേരിടുകയും മഴവെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തുന്നതെന്നും പോസ്റ്റിൽ പറയുന്നു. ആശയവിനിമയത്തിലും തടസങ്ങളുണ്ടെന്നാണ് ആരോപണം.
ഈ ചിത്രങ്ങൾ വൈറലായതോടെ യുക്രെയിൻ പ്രതിരോധ മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തി. മുന്നണിയിലെ ചില ഭാഗങ്ങളിൽ 'അത്യന്തം ഗുരുതരമായ സാഹചര്യം' നിലനിൽക്കുന്നതായി മന്ത്രാലയം സമ്മതിച്ചു. വിതരണ സംവിധാനത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പ്രശ്‌നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും അറിയിച്ചു.
യുദ്ധമേഖലകളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതു പോലും വലിയ വെല്ലുവിളിയായിരിക്കുകയാണ്. സാധനങ്ങൾ പലപ്പോഴും കാൽനടയായോ ചെറിയ ഡ്രോണുകളിലൂടെയോ എത്തിക്കേണ്ടിവരുന്നു. എന്നാൽ ഇത്തരം നീക്കങ്ങൾ റഷ്യൻ ആക്രമണങ്ങൾക്ക് എളുപ്പത്തിൽ ഇരയാകാനുള്ള സാധ്യത കൂടുതലാണ്.
ഇതിനൊപ്പം, ചില സാഹചര്യങ്ങളിൽ ഭക്ഷണത്തിനേക്കാൾ ആയുധങ്ങൾക്ക് മുൻഗണന നൽകേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുന്നണിയിലെ സുരക്ഷയും പോരാട്ട ശേഷിയും നിലനിർത്തേണ്ടതിന്റെ ഭാഗമായാണ് ഈ നിർബന്ധിത തീരുമാനം.
സംഭവം പുറത്തുവന്നതോടെ സൈനികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
യുക്രെയിൻ യുദ്ധ മുന്നണിയിൽ ഭക്ഷണ ക്ഷാമം: ക്ഷീണിതരായ സൈനികരുടെ ചിത്രങ്ങൾ വൈറൽ
