ജറുസലേം: ഇപ്പോൾ മികച്ച ആരോഗ്യനിലയിൽ ആണെന്നും പ്രാരംഭഘട്ട കാൻസർ വിജയകരമായി ചികിത്സിച്ച് പൂര്‍ണമായും രോഗമുക്തനായെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് ഉദ്ധരിച്ച് അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിൽ പ്രാദേശിക സംഘർഷങ്ങൾ ഉയർന്നിരുന്ന കാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ആരോഗ്യവിവരങ്ങൾ താൽക്കാലികമായി രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്നും പറയുന്നു.
ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് പ്രകാരം രഹസ്യ നിലപാട് വെളിപ്പെടുത്താൻ തീരുമാനമെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ വ്യക്തിഗത ഡോക്ടർ ട്‌സ്വി ബെർക്കോവിച്ച് ഒപ്പുവെച്ച മെഡിക്കൽ റിപ്പോർട്ടിൽ പതിവ് എം ആർ ഐ പരിശോധനയ്ക്കുശേഷം ചെറിയ സംശയാസ്പദമായ ഒരു പാട് കണ്ടെത്തിയതായും തുടർന്ന് നടത്തിയ പരിശോധനകൾ പരിമിതമായ പ്രാരംഭഘട്ട പ്രോസ്റ്റേറ്റ് കാൻസറാണെന്ന് സ്ഥിരീകരിച്ചതായും പറയുന്നു.
എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ രോഗനിർണ്ണയം പൊതുജനങ്ങളോട് വൈകി പങ്കുവെച്ചതിന്റെ കാരണം നെതന്യാഹു വിശദീകരിച്ചു. ഇറാനുമായുണ്ടായ സുരക്ഷാ പ്രതിസന്ധി ആയിരുന്നു രഹസ്യമായി സൂക്ഷിച്ചതിന് പിന്നിലെ പ്രധാന കാരണം എന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധത്തിന്റെ ഉച്ചസ്ഥായിയിൽ ഈ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ താൻ തീരുമാനിച്ചുവെന്നും ഇപ്പോൾ ആരോഗ്യവാനാണെന്നും ആ പാട് പൂർണമായും അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയ്ക്കിടയിലും പ്രധാനമന്ത്രി തന്റെ എല്ലാ ഔദ്യോഗിക ചുമതലകളും പതിവുപോലെ നിർവഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനും ആരോഗ്യസ്ഥിതി എതിരാളികൾ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യാതിരിക്കാനുമാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് വിശദീകരിച്ചു.
ഇപ്പോഴത്തെ മെഡിക്കൽ വിലയിരുത്തലുകൾ പ്രകാരം പ്രധാനമന്ത്രിക്ക് ശാരീരികമായ യാതൊരു നിയന്ത്രണവും നിലവിലില്ല. പാകിസ്താൻ്റെ മധ്യസ്ഥതയിൽ രൂപം കൊണ്ട പ്രാദേശിക വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ, ഭരണനിരയിലെ അദ്ദേഹത്തിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള അനുമാനങ്ങൾ അവസാനിപ്പിക്കാനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് വിലയിരുത്തൽ.
