ഇറാനുമായി ചര്‍ച്ചയ്ക്ക് യു എസ് സംഘത്തെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ട്രംപ്

ഇറാനുമായി ചര്‍ച്ചയ്ക്ക് യു എസ് സംഘത്തെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചര്‍ച്ച നടത്താന്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയും സമാധാനത്തിനായുള്ള പ്രത്യേക പ്രതിനിധി ജാരെഡ് കുഷ്‌നറെയും പാകിസ്ഥാനിലേക്ക് അയക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി  സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചകളില്‍ പുരോഗതി കണ്ടാല്‍ ഇസ്ലാമാബാദിലേക്ക് പോകാന്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തയ്യാറാണ്. പക്ഷേ അദ്ദേഹം നിലവില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പദ്ധതിയിടുന്നില്ല.

എങ്കിലും, യു എസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

ഉഭയകക്ഷി കാര്യങ്ങളിലും പ്രാദേശിക സംഭവവികാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു സമയബന്ധിത പര്യടനത്തിനായി പാകിസ്ഥാന്‍, ഒമാന്‍, റഷ്യ എന്നിവിടങ്ങളിലേക്ക് പോകുകയാണെന്ന് നേരത്തെ അരഘ്ചി വ്യക്തമാക്കിയിരുന്നു.

വാന്‍സ്, വിറ്റ്‌കോഫ്, കുഷ്‌നര്‍ എന്നിവര്‍ ചൊവ്വാഴ്ച ഇസ്ലാമാബാദിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. 

ഇറാന് നല്ലതും ബുദ്ധിപരവുമായ കരാര്‍ ഉണ്ടാക്കാന്‍ അവസരമുണ്ടെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വെള്ളിയാഴ്ച പറഞ്ഞു. യു എസ് എല്ലാ സമയത്തും ഉണ്ടെന്നും ഒരു വെടിനിര്‍ത്തല്‍ കരാറിനായി ഉത്കണ്ഠയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അരഘ്ചിയും പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദറും പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും യു എസ്- ഇറാന്‍ വെടിനിര്‍ത്തലിനെക്കുറിച്ചും സംസാരിച്ചിരുന്നു.

'പ്രാദേശിക സംഭവവികാസങ്ങള്‍, വെടിനിര്‍ത്തല്‍, യു എസ്- ഇറാന്‍ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദ് പിന്തുടരുന്ന നയതന്ത്ര ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറിയതായും പ്രസ്താവനയില്‍ പറയുന്നു.