ന്യൂയോര്‍ക്ക് സിറ്റിയെ ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്ന ('അഫോര്‍ഡബിള്‍') നഗരമാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്രാന്‍ മംദാനി, ജനുവരിയില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഭാര്യ രമയോടൊപ്പം മാന്‍ഹട്ടനിലെ മേയര്‍ മേഖലാ വസതിയായ ഗ്രേസി മാന്‍ഷനിലേക്ക് താമസം മാറുന്നുവെന്ന പ്രഖ്യാപനം നടത്തി. ഏകദേശം 100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ ആഢംബര മന്ദിരത്തിലേക്ക് താമസം മാറാനുള്ള തീരുമാനം കുടുംബസുരക്ഷ കണക്കിലെടുത്തും, ന്യൂയോര്‍ക്കര്‍മാര്‍ അംഗീകരിച്ച 'അഫോര്‍ഡബിലിറ്റി അജണ്ട' പൂര്‍ണമായി നടപ്പാക്കുന്നതിനാവശ്യമായ ശ്രദ്ധ ജോലിക്കായി കേന്ദ്രീകരിക്കാനുമാണെന്നാണ് മംദാനിയുടെ വിശദീകരണം..
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം. 'എന്റെ ഭാര്യ രമയും ഞാനും ജനുവരിയില്‍ ഗ്രേസി മാന്‍ഷനിലേക്ക് താമസം മാറാന്‍ തീരുമാനിച്ചു. ഇത് കുടുംബത്തിന്റെ സുരക്ഷയും, ന്യൂയോര്‍ക്കുകാര്‍ ഞങ്ങളെ ഏല്‍പ്പിച്ച അജണ്ട പൂര്‍ണമായി നടപ്പാക്കാനുള്ള പൂര്‍ണ ശ്രദ്ധയും മാനസിക സന്നദ്ധതയും ഉറപ്പാക്കുന്നതിനാണ്,' എന്നാണ് മംദാനിയുടെ കുറിപ്പ്. നിലവിലെ വാസസ്ഥലം വിട്ടുപോകുന്നതിലെ വിഷമവും അദ്ദേഹം പങ്കുവച്ചു. 'അടുപ്പത്തിലൂടെ ഒഴുകിയിരുന്ന അഡേനി ചായയുടെ രുചി, സ്പാനിഷും അറബിക്കും ഒപ്പം അനവധി ഭാഷകളില്‍ ഉരുത്തിരിഞ്ഞ സംഭാഷണങ്ങള്‍, തെരുവില്‍ നിറഞ്ഞിരുന്ന കടല്‍ഭക്ഷണവും ഷവര്‍മയുടെയും സുഗന്ധം-ഇവയെല്ലാം നമുക്ക് ഏറെ മിസ് ചെയ്യും,' എന്നും മംദാനി കുറിച്ചു.
1799ല്‍ ന്യൂയോര്‍ക്ക് വ്യാപാരിയായ ആര്‍ച്ചിബാള്‍ഡ് ഗ്രേസിയാണ് 12,855 ചതുരശ്ര അടിയുള്ള ഈ മാളിക നിര്‍മിച്ചത്. ദശകങ്ങളോളം സ്വകാര്യവസതിയായിരുന്ന ഗ്രേസി മാന്‍ഷന്‍ 1942ലാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ മേയറുടെ ഔദ്യോഗിക വസതിയായി മാറിയത്. അന്നത്തെ മേയര്‍ ഫിയോറല്ലോ എച്ച്. ലാ ഗാര്‍ഡിയയാണ് കുടുംബവുമായി ആദ്യമായി ഇവിടെ താമസമാരംഭിച്ചത്. പാര്‍ക്ക്‌സ് കമ്മീഷണറായിരുന്ന റോബര്‍ട്ട് മോസസാണ് നഗരാധികൃതരെ സമ്മതിപ്പിച്ച് ഗ്രേസി മാന്‍ഷനെ മേയറുടെ ഔദ്യോഗിക വസതിയായി പ്രഖ്യാപിപ്പിച്ചത്.
ന്യൂയോര്‍ക്കിന്റെ ചരിത്രവും അധികാരവും ഒരുമിപ്പിക്കുന്ന ഈ വസതിയിലേക്കുള്ള മാറ്റം, 'അഫോര്‍ഡബിള്‍ ന്യൂയോര്‍ക്ക്' എന്ന വാഗ്ദാനവുമായി അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ മേയറെന്ന നിലയില്‍ സൊഹ്‌റാന്‍ മംദാനിയുടെ ഭരണരീതി എങ്ങനെയാകുമെന്ന ചോദ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയാണ്.
അഫോര്‍ഡബിലിറ്റി അജണ്ടയുമായി ജയിച്ച സൊഹ്രാന്‍ മംദാനി 100 മില്യണ്‍ ഡോളറിന്റെ ഗ്രേസി മാന്‍ഷനിലേക്ക് താമസം മാറ്റുന്നു
