വാഷിംഗ്ടണ്‍: വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ രണ്ടു ദിവസമായി നേരിടുന്ന കനത്ത മഴ ഇനി മുഴുവന്‍ ശക്തിയോടെ വാഷിംഗ്ടണിന്റെ പടിഞ്ഞാറന്‍ മേഖലയെ ലക്ഷ്യമിടുകയാണെന്ന് കാലാവസ്ഥാ വകുപ്പ്. മുമ്പ് ഉണ്ടാകാത്ത നിലയിലുള്ള വെള്ളപ്പൊക്കം സാധ്യത ഉയര്‍ന്നതോടെ 75,000 പേര്‍ വരെ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുകയാണ്
പര്‍വതനിരകളില്‍ ബുധനും വ്യാഴവും പുതിയതായി 4 മുതല്‍ 8 ഇഞ്ച് വരെ കൂടുതല്‍ മഴ പെയ്യാമെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ബോബ് ഫെര്‍ഗൂസണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ജനങ്ങള്‍ നിര്‍ബന്ധമായും ഒഴിപ്പിക്കല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. 'സ്ഥിതി അതീവ ഗൗരവമേറിയതാണ്,' എന്ന് അദ്ദേഹം വ്യക്തമാക്കി.
സ്‌കാജിറ്റ് കൗണ്ടിയിലെ റോക്ക്‌പോര്‍ട്ട്, ഹാമില്‍ട്ടണ്‍, മാര്‍ബിള്‍മൗണ്ട്, കോണ്‍ക്രീറ്റ് തുടങ്ങിയ അപ്‌റിവര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉടന്‍ ഉയര്‍ന്ന മേഖലകളിലേക്ക് മാറണമെന്ന് അധികാരികള്‍ ശുപാര്‍ശ ചെയ്തു. സ്‌കാജിറ്റ് നദിയുടെ ജലനിരപ്പ് റെക്കോഡിന് 3 മുതല്‍ 5 അടി വരെ മേലേറ്റ് ഉയരുമെന്ന പ്രവചനമാണ് ഭീതിയുണ്ടാക്കുന്നത്.
വെള്ളപ്പൊക്കത്തിലും മണ്ണിചിച്ചിലിലും കുടുങ്ങിയവരെ രക്ഷപ്പെടുത്തേണ്ടിവന്നതായി കിംഗ് കൗണ്ടിയില്‍ സേവനം നല്‍കിവരുന്ന ഈസ്റ്റ്‌സൈഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബുധനാഴ്ച അറിയിച്ചു. മൂന്ന് പ്രായപൂര്‍ത്തിയായവരെയും ഒരു നായയെയും മിഡില്‍ ഫോര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തി. ഈസ്റ്റ്ബൗണ്ട് I90 ലെ മണ്ണിടിച്ചില്‍ ഗതാഗതത്തെ ബാധിച്ചു.
സ്‌നോക്വാല്‍മി മുതല്‍ കാര്‍ണേഷന്‍ വരെയുള്ള നദീതടങ്ങളിലും പ്രളയനിരപ്പില്‍ വെള്ളം ഉയരുകയാണ്. കൃഷിയിടങ്ങളും റോഡുകളും വീടുകളും വെള്ളത്തില്‍ മുങ്ങാന്‍ സാധ്യത. US12 ന്റെ നിരവധി ഭാഗങ്ങള്‍ ഇതിനകം വെള്ളത്തില്‍ മുങ്ങി; റാന്‍ഡില്‍ പട്ടണം പൂര്‍ണമായും ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സ്‌കാജിറ്റ് നദിയില്‍ ജലനിരപ്പ് അതിശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സിയാറ്റില്‍-വാന്‍കൂവര്‍ അമ്ട്രാക്ക് സര്‍വീസുകള്‍ വ്യാഴവും വെള്ളിയും നിര്‍ത്തിവെച്ചു. കനത്ത മഴ വ്യാഴാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞാലും നദികളിലെ വെള്ളം പൂര്‍ണമായും കുറയാന്‍ ദിവസങ്ങള്‍ വേണ്ടിവരും.
വടക്കന്‍ ഐഡാഹോയിലും മൊണ്ടാനയിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയും പ്രാദേശിക മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി.
നിര്‍ത്താതെ പെയ്യുന്ന കനത്ത മഴ; വാഷിംഗ്ടണ്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ ;75,000 പേരെ ഒഴിപ്പിക്കും; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
