കോഴിക്കോട് : തദ്ദേശസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് സംസ്ഥാനത്ത് ഉത്സാഹഭരിതമായി ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറുവരെ തുടരും. വോട്ടിങ് തുടങ്ങുന്നതിന് മുമ്പുതന്നെ നിരവധി ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിരകള്‍ രൂപപ്പെട്ടിരുന്നു.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ഗ്രാമപഞ്ചായത്ത് 4,70 എണ്ണം, ബ്ലോക്ക് പഞ്ചായത്ത് 77, ജില്ലാ പഞ്ചായത്ത് 7, മുനിസിപ്പാലിറ്റി 47, കോര്‍പ്പറേഷന്‍ 3 എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ നില. ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9,015, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് 1,177, ജില്ലാ പഞ്ചായത്ത് വാര്‍ഡ് 182, മുനിസിപ്പാലിറ്റി വാര്‍ഡ് 1,829, കോര്‍പ്പറേഷന്‍ വാര്‍ഡ് 188 തുടങ്ങി ആകെ 12,391 വാര്‍ഡുകളിലേക്കാണ് വോട്ടിംഗ്.
1,53,37,176 വോട്ടര്‍മാരാണ് പട്ടികയില്‍-പുരുഷന്‍മാര്‍ 72,46,269, സ്ത്രീകള്‍ 80,90,746, ട്രാന്‍സ്‌ജെന്‍ഡര്‍ 161. 3,293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. 38,994 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്; 18,974 പേര്‍ പുരുഷന്മാരും 20,020 പേര്‍ സ്ത്രീകളുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് നടക്കും.
മൊത്തത്തില്‍ 18,274 പോളിങ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവയില്‍ 2,055 ബൂത്തുകള്‍ പ്രശ്‌നബാധിതമായി തിരിച്ചറിഞ്ഞിട്ടുണ്ട് - തൃശൂര്‍ 81, പാലക്കാട് 180, മലപ്പുറം 295, കോഴിക്കോട് 166, വയനാട് 189, കണ്ണൂര്‍ 1,025, കാസര്‍കോട് 19. ഇവിടങ്ങളില്‍ കര്‍ശനമായ സുരക്ഷയും വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രക്രിയ മുഴുവനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.
കണ്ണൂരിലെ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂര്‍, തളിയില്‍, പൊടികുണ്ട്, അഞ്ജംപീടിക വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാല്‍ അവിടങ്ങളില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹസീനയുടെ നിര്യാണത്തെ തുടര്‍ന്ന് ആ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു.
കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളും കണ്ണൂരിലെ കണ്ണാപുരം ഗ്രാമപഞ്ചായത്തിലെ ആറു വാര്‍ഡുകളും മലപ്പട്ടം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടങ്ങളിലും ഗ്രാമപഞ്ചായത്ത് വോട്ടെടുപ്പ് ഇല്ല. എന്നാല്‍ ബന്ധപ്പെട്ട പോളിങ് ബൂത്തുകളില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് സാധാരണ രീതിയില്‍ നടക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് : രണ്ടാംഘട്ട വോട്ടെടുപ്പിന് ആവേശകരമായ തുടക്കം
